അബൂദബിയിൽ വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് മുൻഗണന, ലം​ഘി​ച്ചാ​ൽ 500 ദി​ർ​ഹം പി​ഴ

Update: 2024-11-02 05:22 GMT

അബൂദബിയിൽ സ്‌കൂൾ, ആശുപത്രി, താമസമേഖലയിലെ റോഡുകളിൽ ഇനി കാൽനടക്കാർക്ക് മുൻഗണന. ഇത്തരം റോഡുകൾ മുറിച്ചു കടക്കാൻ വാഹനങ്ങൾ കാൽനടക്കാർക്ക് അവസരം നൽകണമെന്ന് അബൂദബി പൊലീസ് നിർദേശം നൽകി. ഇതിൽ വീഴ്ചവരുത്തിയാൽ 500 ദിർഹം പിഴ ചുമത്തും.വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററിന് താഴെയുള്ള അബൂദബിയിലെ റോഡുകളിലാണ് ഈ നിയമം ബാധകമാവുന്നത്.

താമസമേഖലയിലെയും സ്‌കൂൾ മേഖലയിലെയും, ആശുപത്രിക്കരികിലെയും ഇത്തരം റോഡുകളിൽ വാഹനങ്ങൾ കാൽനടക്കാർക്ക് മുൻഗണന നൽകിയിരിക്കണം.ഈ റോഡുകളിൽ എല്ലായിടത്തും പെഡസ്ട്രിയൻ ക്രോസിങ്ങിന് സൗകര്യമുള്ളതായി കണക്കാക്കണമെന്ന് അബൂദബി പൊലീസ് അറിയിച്ചു.

പെഡസ്ട്രിയൻ ക്രോസിങ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നവരെ കണ്ടാൽ വാഹനങ്ങൾ നിർത്തണം. ഇവരെ പരിഗണിക്കാതെ പോകുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴയും, ഡ്രൈവറുടെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിൻറും ലഭിക്കും. ഇത്തരം റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധമാണ് വാഹനമോടിക്കേണ്ടത്. ഇതിനായി പട്രോളിങ് വ്യാപകമാക്കുമെന്നും അബൂദബി പൊലീസ് അറിയിച്ചു.

Similar News