ദുബൈയില്‍നിന്ന് അബൂദബിയിലേക്ക് പുതുതായി ഷെയറിങ് ടാക്സി സേവനങ്ങൾക്ക് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ). നിലവില്‍ എമിറേറ്റുകള്‍ക്കിടയിലെ ടാക്സി യാത്ര നിരക്കിന്റെ 75 ശതമാനം വരെ ലാഭിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കും. ദുബൈ ഇബ്ന് ബത്തൂത്ത സെന്ററിനും അബൂദബി അല്‍ വഹ്ദ സെന്ററിനുമിടയിലാണ് ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഒരു വാഹനത്തില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാവും.
തികച്ചും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പുതിയ ഗതാഗത സേവനം അടുത്ത ആറ് മാസത്തേക്ക് പരീക്ഷിക്കാനാണ് ആർ.ടി.എയുടെ തീരുമാനം. ഇരു എമിറേറ്റുകള്‍ക്കിടയിലെ പതിവ് യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുമെന്ന് ആര്.ടി.എയിലെ പൊതുഗതാഗത ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡവലപ്മെന്റ് മേധാവി അദേല്‍ ശക് രി പറഞ്ഞു. യാത്രനിരക്ക് പരസ്പരം പങ്കിട്ടെടുക്കുന്നത് ഗുണകരമാകും. ബാങ്ക് കാര്‍ഡ്, നോല്‍ കാര്‍ഡ് എന്നിവ വഴിയും യാത്ര നിരക്ക് അടക്കാം.
ദുബൈയിൽനിന്ന് അബൂദബിയിലേക്ക് ഒറ്റക്ക് സഞ്ചരിക്കുകയാണേൽ 200 ദിർഹമിനടുത്ത് ടാക്സി നിരക്ക് നൽകണം. ഷെയർ ടാക്സി വഴി നാലുപേർക്ക് സഞ്ചരിക്കാമെന്നതിനാൽ നിരക്ക് പങ്കിട്ടെടുക്കാൻ കഴിയും. ഷെയര്‍ ടാക്സികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്കും കാര്‍ബണ്‍ പുറന്തള്ളലും കുറക്കാനും അനധികൃത യാത്ര സേവനങ്ങള്‍ നിര്‍ത്തലാക്കാനും കഴിയുമെന്നും അല്‍ ശക് രി പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ ഭാവിയിൽ മറ്റ് എമിറേറ്റുകളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം.