എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും

Update: 2024-05-16 07:19 GMT

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ചാണ് ഈ മ്യൂസിയം മെയ് 18-ന് തുറന്ന് കൊടുക്കുന്നത്. ഈ അവസരത്തിൽ മെയ് 18, 19 തീയതികളിൽ എക്സ്പോ സിറ്റി സന്ദർശകർക്ക് എക്‌സ്‌പോ 2020 ദുബായ് മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ ഈ അവസരത്തിൽ എക്സ്പോ സിറ്റിയിലെ മറ്റു ആകർഷണങ്ങളായ അലിഫ്, ടെറ, വിമൻസ് പവലിയൻ, വിഷൻ പവലിയൻ, ഗാർഡൻ ഇൻ ദി സ്കൈ എന്നിവയുടെ ടിക്കറ്റ് നിരക്കിൽ അമ്പത് ശതമാനം ഇളവ് നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

എക്സ്പോ സിറ്റിയിലെ ഓപ്പർച്യുനിറ്റി ഡിസ്ട്രിക്റ്റിലാണ് എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ദുബായ് എക്സ്പോ 2020 എന്ന മേളയുടെ ചരിത്രം, അതിന്റെ പ്രധാന കാഴ്ചകൾ തുടങ്ങിയവ ഇന്ററാക്റ്റീവ് പ്രദർശനങ്ങളിലൂടെ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ദുബായ് ലോക എക്സ്പോ എന്ന പദ്ധതിയിലേക്കുള്ള പൂർണ്ണമായ പ്രയാണം, ലോക എക്സ്പോ മേളകളിൽ യു എ എയുടെ പങ്കാളിത്തം, COVID-19 മഹാമാരി എന്ന വലിയ പ്രതിസന്ധിയെ ഈ പ്രദർശനം മറികടന്നതിന്റെ ചരിത്രം തുടങ്ങിയവ ഈ മ്യൂസിയത്തിലെത്തുന്നവർക്ക് അടുത്തറിയാനാകുന്നതാണ്.എക്സ്‌പോ 2020 മെമ്മോറബിലിയകളുള്ള ഒരു ഷോപ്പ് – എക്സ്‌പോ ‘പാസ്‌പോർട്ടുകളിൽ’ കൂടുതൽ രാജ്യ സ്റ്റാമ്പുകൾ ശേഖരിക്കാനുള്ള അവസരം ഉൾപ്പെടെ –, എക്‌സ്‌പോ 2020 ലൈബ്രറി, വാടകയ്‌ക്കെടുക്കാവുന്ന മീറ്റിംഗ് ഇടങ്ങൾ തുടങ്ങിയവയും ഈ മ്യൂസിയത്തിലുണ്ട്.

2024 മെയ് 20 മുതൽ, എക്‌സ്‌പോ സിറ്റിയുടെ ഏകദിന ആകർഷണ പാസിൽ (120 ദിർഹം) മ്യൂസിയം സന്ദർശനം ഉൾപ്പെടുത്തുന്നതാണ്. ഇത് കൂടാതെ എക്‌സ്‌പോ 2020 മ്യൂസിയത്തിലേക്കും മൂന്ന് സ്‌റ്റോറീസ് ഓഫ് നേഷൻസ് എക്‌സിബിറ്റുകളിലേക്കുമുള്ള 50 ദിർഹം (12 വയസ്സിന് മുകളിലുള്ളവർക്ക്) നിരക്കിലുള്ള ഒരു സംയോജിത ടിക്കറ്റും ലഭ്യമാകുന്നതാണ്. 4-നും 11-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഈ ടിക്കറ്റിന് 40 ദിർഹം (3 വയസും അതിൽ താഴെയുള്ളവർക്കും സൗജന്യം) ഈടാക്കുന്നതാണ്. 

Tags:    

Similar News