ഷാർജ സമ്മർ പ്രമോഷൻസ് സമാപിച്ചു

Update: 2024-09-05 06:45 GMT

വേനൽക്കാല വ്യാപാര മഹോത്സവമായ ഷാർജ സമ്മർ പ്രമോഷൻസിന്റെ (എസ്.എസ്.പി.) 21-ാം പതിപ്പ് ഞായറാഴ്ച സമാപിച്ചു. 70 കോടി ദിർഹത്തിന്റെ വിൽപ്പനയാണ് ഇത്തവണയുണ്ടായത്. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡിവലപ്പ്മെന്റ് അതോറിറ്റിയുമായി (എസ്.സി.ടി.ഡി.എ.) ഏകോപിപ്പിച്ച് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് (എസ്.സി.സി.ഐ.) വാർഷിക പരിപാടി സംഘടിപ്പിച്ചത്.

പ്രധാന ഷോപ്പിങ്, വിനോദകേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം പരിപാടിയിലൂടെ ഉയർന്നു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങളിൽ 25 മുതൽ 75 ശതമാനംവരെ വിലക്കുറവും 30 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളുമായിരുന്നു പ്രധാന ആകർഷണങ്ങൾ. എമിറേറ്റിലുടനീളമുള്ള എട്ട് ഷോപ്പിങ് മാളുകളും 16 ഹോട്ടലുകളും 11 വിനോദസഞ്ചാര കേന്ദ്രങ്ങളും വ്യാപാരോത്സവത്തിൽ പങ്കാളികളായി.

പഠനസാമഗ്രികൾക്ക് 80 ശതമാനംവരെ വിലക്കിഴിവ് നൽകിയ 'ബാക്ക് ടു സ്‌കൂൾ' കാമ്പയിൻ ഒട്ടേറെ രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിച്ചു. ഷാർജയുടെ സാമ്പത്തിക, വാണിജ്യ വളർച്ചയ്ക്ക് എസ്.എസ്.പി. നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് എസ്.സി.സി.ഐ. ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി പറഞ്ഞു. ഓഫറുകൾക്കും വിലക്കിഴിവുകൾക്കും പുറമേ 70 കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News