മശ്രിഖ് മെട്രോ സ്റ്റേഷൻ ഇനി ‘ഇൻഷുറൻസ് മാർക്കറ്റ്’
മശ്രിഖ് മെട്രോ സ്റ്റേഷന്റെ പേര് ഇനി ‘ഇൻഷുറൻസ് മാർക്കറ്റ്’. യു.എ.ഇയിലെ ഏറ്റവും വലിയ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ‘ഇൻഷുറൻസ് മാർക്കറ്റി’ന് പേര് നൽകാനുള്ള അവകാശം ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് അനുവദിച്ചത്. 1995 മുതൽ രാജ്യത്ത് പ്രവർത്തിച്ചുവരുന്ന കമ്പനിയാണിത്. അടുത്ത 10 വർഷത്തേക്ക് മശ്രിഖ് സ്റ്റേഷൻ പൂർണമായും ‘ഇൻഷുറൻസ് മാർക്കറ്റ്’ മെട്രോ സ്റ്റേഷൻ എന്ന നിലയിൽ പുനർനാമകരണംചെയ്യും.
ദുബൈ മെട്രോയുടെ റെഡ് ലൈനിൽ ‘മാൾ ഓഫ് ദ എമിറേറ്റ്സ്’ സ്റ്റേഷനും ‘ദുബൈ ഇന്റർനെറ്റ് സിറ്റി’ സ്റ്റേഷനും ഇടയിലാണ് ഈ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്വകാര്യമേഖലയുമായി വിജയകരമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർ.ടി.എ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ ഇബ്രാഹീം കൽബത്ത് പറഞ്ഞു.
ഇൻഷുറൻസ് മാർക്കറ്റുമായുള്ള സഹകരണം പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയകരമായ മോഡലാണെന്നും, ആർ.ടി.എയുടെ പദ്ധതികളെയും സംരംഭങ്ങളെയും സഹായിക്കുന്നതാണെന്നും, വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ സ്റ്റേഷന് കമ്പനിയുടെ പേര് അനുവദിച്ചതിൽ അഭിനന്ദനം അറിയിച്ച ഇൻഷുറൻസ് മാർക്കറ്റ് സ്ഥാപകനും സി.ഇ.ഒയുമായ അവിനാഷ് ബാബുർ, സ്ഥാപനത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് കൂട്ടിച്ചേർത്തു.