യു എ ഇയിൽ ബിസിനസ് ആരംഭിക്കാനുള്ള പ്രായം 18 വയസാക്കി കുറച്ചു. നേരത്തേ 21 വയസായിരുന്നു വ്യവസായം ആരംഭിക്കാനുള്ള കുറഞ്ഞ പ്രായം. രാജ്യത്ത് നടപ്പാക്കുന്ന പുതിയ വാണിജ്യ നിയമത്തിലാണ് ഈ മാറ്റം. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് വാർത്തസമ്മേളനത്തിലാണ് പുതിയ വാണിജ്യ നിയമത്തിലെ മാറ്റങ്ങൾ അറിയിച്ചത്. ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുന്നതാണ് പുതിയ നിയമം. രാജ്യത്തെ ബിസിനസ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപെടുത്തിയിട്ടുണ്ട്.
വളർച്ചയുടെ പ്രധാന ചാലകങ്ങളിലൊന്നായി ഇസ്ലാമിക് ബാങ്കിങ്ങിനെ വളർത്തും. സാമ്പത്തിക വിപണികളുടെ നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകൾ ഭേദഗതി ചെയ്തു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകൾക്കും ഡിജിറ്റൽ വാണിജ്യ പ്രവർത്തനങ്ങൾക്കും നിയമം കൂടുതൽ പിന്തുണ നൽകും.