ദുബൈ എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ് ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ സജ്ജീകരിച്ചത്.
ഉയർന്ന കെട്ടിടങ്ങളിൽ അടിയന്തര സാഹചര്യങ്ങളോ തീപിടിത്തമോ ഉണ്ടായാൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നേരിടാൻ ദുബൈ മൾട്ടികമോഡിറ്റീസ് സെൻററിനെയും(ഡി.എം.സി.സി) ദുബൈ പൊലീസിനെയും പുതിയ സംവിധാനം സഹായിക്കും.
ദുബൈ പൊലീസിന്‍റെ നൂതന ഡ്രോൺ ബോക്‌സ് ശൃംഖലയാണ് രണ്ട് കമ്യൂണിറ്റികളിലും വിന്യസിക്കുന്നത്. ദുബൈയുടെ പൊതുസുരക്ഷ വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഡ്രോൺ ബോക്സ് സംവിധാനം ലോകത്തിലെ ഏറ്റവും നൂതനമായ ഡ്രോൺ സാങ്കേതികവിദ്യകളിൽ ഒന്നാണ്. ആദ്യമായിട്ടാണ് ഈ സാങ്കേതികവിദ്യ ബഹുനില കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും താമസക്കാർക്ക് മികച്ച അനുഭവം നൽകാനുള്ള പ്രതിബദ്ധതക്ക് അടിവരയിടുന്നതാണെന്നും ഡി.എം.സി.സി എക്‌സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈം പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ പ്രതികരണ സമയം കുറക്കുന്നതിലും തീരുമാനമെടുക്കാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ നൽകുന്നതിലും ഡ്രോൺ ബോക്സ് സംവിധാനം നിർണായകമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ഓപറേഷനിലെ അൺമാൻഡ് ഏരിയൽ സിസ്റ്റംസ് സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഉമർ അൽമുഹൈരി പറഞ്ഞു.ഒണ്ടാസ് ഓട്ടോണമസ് സിസ്റ്റംസ് വികസിപ്പിച്ച്, അതിന്‍റെ യു.എ.ഇ കമ്പനിയായ എയറോബോട്ടിക്സ് ലഭ്യമാക്കുന്ന ഈ സംവിധാനത്തിന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്.