ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ ; 'എം.ബി.ഇസഡ്-സാറ്റ്' ഉപഗ്രഹം വിക്ഷേപിച്ചു

Update: 2025-01-15 09:49 GMT

ബഹിരാകാശ രംഗത്ത്​ വീണ്ടും ചരിത്രം കുറിച്ച്​ യുഎ.ഇയുടെ ‘എം.ബി.ഇ സെഡ്​-സാറ്റ്​’ ഉപഗ്രഹം വിക്ഷേപിച്ചു. യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന്​ ചൊവ്വാഴ്ച യു.എ.ഇ സമയം 10.49നാണ്​ ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം നടന്നത്​.

മേഖലയിലെ ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ്​ ‘എം.ബി.ഇസെഡ്​-സാറ്റ്​’. ഇതിനൊപ്പം യു.എ.ഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂ നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്​.സി.ടി സാറ്റ്​-1ഉം വിക്ഷേപിച്ചിട്ടുണ്ട്​.

രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻറർ (എം.ബി.ആർ.എസ്‌.സി) അധികൃതരാണ്​ ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ച്​ വെളിപ്പെടുത്തിയത്​. യു.എ.ഇ പ്രസിഡൻറ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ പേരിലുള്ള എം.ബി.ഇസെഡ്​-സാറ്റിന്​ ഒരു ടൺ ഭാരമാണുള്ളത്​. നാനോ സാറ്റലൈറ്റായ എച്ച്​.സി.ടി സാറ്റ്​-1 മുഹമ്മദ്​ ബിൻ റാശിദ്​ ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാരുടെ മാർഗനിർദേശപ്രകാരം വിദ്യാർഥികൾ വികസിപ്പിച്ചെടുത്തതാണ്.

‘എം.ബി.ഇസെഡ്​-സാറ്റ്​’ ഒക്​ടോബറിൽ വിക്ഷേപിക്കുമെന്ന്​ നേരത്തെ അറിയിച്ചിരുന്നെങ്കിലും സാ​ങ്കേതിക കാരണങ്ങളാൽ നീട്ടുകയായിരുനു. ഗൾഫ്​ മേഖലയിൽ ഇതുവരെ വിക്ഷേപിച്ചുട്ടുള്ളതിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾകൊള്ളുന്ന ഉപഗ്രഹമാണിത്​.

പൂർണമായും ഇമാറാത്തി എൻജിനീയർമാരുടെ സംഘം വികസിപ്പിച്ച് നിർമ്മിച്ച ‘എം.ബി.ഇസെഡ്​-സാറ്റ്​’ സാങ്കേതിക രംഗത്തെ രാജ്യത്തിന്‍റ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണ്​. യു.എ.ഇയുടെ സുസ്ഥിര ബഹിരാകാശ സമ്പദ്‌വ്യവസ്ഥ ശക്​തിപ്പെടുത്തുന്നതിൽ ഉപഗ്രഹം പ്രധാന പങ്ക് വഹിക്കും. ഇതിൽ സജ്ജീകരിച്ച കാമറ വഴി വ്യക്തതയോടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ പകർത്താനാകും.

ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക്​ വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ​ ഇത്​ വളരെയധികം ഉപകാരപ്പെടും. ആഗോള ബഹിരാകാശ വ്യവസായത്തിലെ യു.എ.ഇയുടെ സ്ഥാനം ശക്​തിപ്പെടുത്തുന്നതാണ്​ പദ്ധതി.

വിക്ഷേപണത്തിന് ശേഷം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ നിന്ന് തന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയും. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യു.എ.ഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.

Tags:    

Similar News