30ാമത് ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ ദുബൈ ഹാർബറിൽ അരങ്ങേറും. സമുദ്ര വ്യവസായ മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയവുമായാണ് ഇത്തവണ പരിപാടി ഒരുങ്ങുന്നത്. ആഗോള കാലാവസ്ഥ ഉച്ചകോടി വേദിയിൽ സമുദ്ര മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ദുബൈ റീഫ് പ്രോജക്ട് മേളയിൽ പ്രാധാന്യപൂർവം അവതരിപ്പിക്കപ്പെടും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്തുകയും ഇേക്കാ-ടൂറിസത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നതിനായാണ് റീഫ് പ്രോജക്ട് രൂപപ്പെടുത്തിയത്.
ബോട്ട് ഷോയിൽ ഇത്തവണ ആയിരത്തിലേറെ ബ്രാൻഡുകളും രാജ്യാന്തര പ്രശസ്തമായ കപ്പൽശാലകളിൽനിന്നുള്ള ബോട്ടുകളും പ്രദർശനത്തിനെത്തുന്നുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്റർ ഒരുക്കുന്ന ചടങ്ങിൽ 46 പുതിയ ബോട്ടുകളുടെ പ്രഖ്യാപനവും നടക്കും. 55 രാജ്യങ്ങളിൽനിന്നുള്ള പ്രദർശകരാണ് ഇത്തവണ മേളക്കെത്തുന്നത്. മേളക്ക് മുന്നോടിയായി ഫെബ്രുവരി 27ന് ദുബൈ ബോട്ട് ഷോ ലെഷർ യോട്ടിങ് കോൺഫറൻസ് അരങ്ങേറുന്നുണ്ട്. മേഖലയിലെ 100ലേറെ വിദഗ്ധർ പങ്കെടുക്കുന്ന ചടങ്ങിൽ നൂതന സാങ്കേതികവിദ്യകൾ, നിയന്ത്രണങ്ങൾ, സുസ്ഥിരത, ഭാവി എന്നിവ ചർച്ചയാകും.
ബോട്ട് ഷോയുടെ ഈ വർഷത്തെ എഡിഷനിൽ മഹത്തായ അതിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കുമ്പോൾ, പ്രാദേശിക വ്യവസായത്തിലേക്ക് പുതിയ കമ്പനികളെയും ബ്രാൻഡുകളെയും സ്വാഗതംചെയ്യുന്നതിനുള്ള വേദിയായി മാറുമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറലും ദുബൈ ഇൻറർനാഷനൽ ബോട്ട് ഷോയുടെ മുഖ്യ ഉപദേശകനുമായ സഈദ് മുഹമ്മദ് ഹാരിബ് പറഞ്ഞു.