പുതുവർഷം ആഘോഷമാക്കാൻ ദുബൈ ; ദുബൈ മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് , 1400 ബസുകളിൽ സൗജന്യയാത്ര
പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസ് നടത്തും. ഇടതടവില്ലാതെ സർവീസ് നടത്തുന്നത് ജനങ്ങളുടെ സഞ്ചാരം സുഗമമാക്കും. 1400 ബസുകളിൽ സൗജന്യ യാത്രയ്ക്കും അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഗ്ദാനം ചെയ്യുന്നു.
ഈ മാസം 31ന് പുലർച്ചെ 5ന് തുടങ്ങുന്ന ദുബായ് മെട്രോ സർവീസ് ജനുവരി 1ന് അർധരാത്രി വരെ നീളും. 31ന് പുലർച്ചെ 6ന് ആരംഭിക്കുന്ന ട്രാം സർവീസ് ജനുവരി 2 വെളുപ്പിന് ഒരു മണി വരെ തുടരുമെന്ന് ആർടിഎ ട്രാഫിക് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബന്ന പറഞ്ഞു. വിവിധ എമിറേറ്റിൽനിന്ന് ദുബായിലേക്കു കൂടുതൽ ജനങ്ങൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പാർക്കിങ്ങും ഏർപ്പെടുത്തും.