ഗുന്തറിന്റെ രാജകീയ ജീവിതം; 3300 കോടിയിലധികം ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ
3300 കോടിക്കു മുകളിൽ ആസ്തിയുള്ള നായ, ഗുന്തർ ആറാമൻ അങ്ങ് ഇറ്റലിയിലാണുള്ളത്. ഗുന്തറിന്റെ രാജകീയ ജീവിതം ലോകത്തിലെ പല ശതകോടീശ്വരന്മാരോടും കിടപിടിച്ചു നിൽക്കാൻ തക്കവണ്ണമുള്ളതാണ്. പാരമ്പര്യമായാണ് ഗുന്തറിന് ഈ സമ്പത്ത് കിട്ടിയത്. ഒരു ഇറ്റാലിയൻ പ്രഭുവിന്റെ ഭാര്യയായിരുന്ന കാർലോട്ട ലീബെൻസ്റ്റീൻ 1992ൽ തന്റെ മകന്റെ മരണത്തെ തുടർന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാൽ 80 മില്യൻ ഡോളറിന്റെ ആസ്തി വളർത്തുനായ ഗുന്തർ മൂന്നാമന്റെ പേരിൽ എഴുതിവച്ചു. സ്വത്ത് നോക്കി നടത്താനുള്ള ഉത്തരവാദിത്വം പ്രഭു കുടുംബത്തിന്റെ സുഹൃത്തും സംരംഭകനുമായിരുന്ന മൗറീസിയോ മിയാനായിരുന്നു.
അദ്ദേഹമാവട്ടെ ഗുന്തറിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുകയും അനന്തരാവകാശം 400 മില്യൻ ഡോളറായി വർദ്ധിപ്പിക്കുകയുമുണ്ടായി. ഒടുവിൽ ഗുന്തർ മൂന്നാമൻ്റെ പിൻതലമുറക്കാരനായ ഗുന്തർ ആറാമൻ അങ്ങനെ ഈ സ്വത്തിന്റെ മുഴുവൻ ഉടമയായി. 27 ജോലിക്കാർ അടങ്ങുന്ന സംഘമാണ് ഗുന്തർ ആറാമനെ പരിചരിക്കുന്നത്. ഗോൾഡ് ഫ്ലേക്ക് പൊതിഞ്ഞ സ്റ്റീക്കുകളടക്കം ഗുന്തറിൻ്റെ ഇഷ്ടവിഭവങ്ങൾ തായാറാക്കാനായി പ്രൈവറ്റ് ഷെഫും റെഡി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നായയുടെ പേരിൽ സ്വത്ത് വകകളുണ്ട്. 29 മില്യൺ ഡോളർ വിലമതിപ്പുള്ള മിയാമി ബംഗ്ലാവും പ്രൈവറ്റ് ജെറ്റും ആഡംബര യാട്ടും എല്ലാം ഗുന്തർ ആറാമന് സ്വന്തമായുണ്ട്.