'മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്, ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനമാണ്': ഹണി റോസ്
സിനിമയിൽ വന്ന കാലം മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ടായിരുന്നുവെന്ന് നടി ഹണി റോസ്. കോവിഡിനു ശേഷം ഓണ്‍ലൈൻ, യൂട്യൂബ് ചാനലുകളുടെ അതിപ്രസരമാണ് തന്റെ ഉദ്ഘാടനങ്ങൾ വൈറലാകാൻ കാരണമായതെന്നും നടി പറയുന്നു. കേരളത്തിൽ എല്ലാത്തരം സംരംഭങ്ങളുടെയും ഉദ്ഘാടനത്തിനു ഉണ്ടാകാറുണ്ട്. തെലുങ്ക് മേഖലയിലൊക്കെ തുണിക്കടകളും സ്വർണക്കടകളും മാത്രമാണ് ഉദ്ഘാടനം ചെയ്യാറുള്ളത്. കേരളത്തിൽ മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു ക്ഷണിച്ചതാണെന്നും ഹണി റോസ് പറഞ്ഞു. താര സംഘടനയായ ‘അമ്മ’യുടെ യൂട്യൂബ് ചാനലിൽ നടൻ ബാബുരാജിനു നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി.
‘‘ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തു കഴിഞ്ഞ സമയം മുതലേ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ട്. പക്ഷേ കോവിഡ് മുതൽ ആണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. ശരിക്കു പറഞ്ഞാൽ കോവിഡിന് തൊട്ടു മുൻപ്. അതിനു കാരണം ഓൺലൈൻ ചാനലുകളും യൂട്യൂബ് ചാനലുകളുടേയും അതിപ്രസരമാണ്. ആദ്യകാലങ്ങളിൽ ഒന്നും ഇത്രയും ഓൺലൈൻ ചാനലുകൾ ഇല്ലല്ലോ, അപ്പോൾ കൂടുതൽ ആളുകൾ ഒന്നും അറിയില്ല. പക്ഷേ ഇപ്പോൾ ഓൺലൈൻ മീഡിയ വന്ന് ഉദ്ഘാടനങ്ങളെല്ലാം ഷൂട്ട് ചെയ്യും. അതുകൊണ്ട് എല്ലാവരും അറിയുന്നു. അതായിരിക്കും ഇപ്പൊ ഒരുപാട് ആളുകൾ കൂടുന്നത്.
കേരളത്തിലെ എല്ലാത്തരം ഷോപ്പുകളും ഉദ്ഘാടന പരിപാടിക്ക് അഭിനേതാക്കളെ വിളിക്കാറുണ്ട്. തമിഴിലും തെലുങ്കിലും ഒക്കെ കൂടുതലും ജ്വല്ലറിയും ടെക്സ്റ്റൈൽസും മാത്രമേ ഉണ്ടാകാറുള്ളൂ. പിന്നെ ചുരുക്കം ഹോട്ടലുകൾ. നമ്മളെ സമീപിക്കുന്നവരെ ഒന്നും നിരാശരാക്കാറില്ല. ഞാനൊരു മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മരുന്നുകളും ക്രീമുകളുമൊക്കെ ഉള്ള ഒരു ഷോപ്പ് ആയിരുന്നു. പിന്നെ എനിക്കൊരു പെട്രോൾ പമ്പ് ഉദ്ഘാടനം വന്നിരുന്നു. എന്നെക്കൊണ്ട് പെട്രോൾ പമ്പ് ഒക്കെ ഉദ്ഘാടനം ചെയ്യിക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഇതൊക്കെ ഭയങ്കര രസമുള്ള കാര്യങ്ങളല്ലേ. പെട്രോൾ പമ്പ് ഉദ്ഘാടനം പക്ഷേ പിന്നീട് നടന്നില്ല.’’ ഹണി റോസ് പറയുന്നു.