തെലങ്കാനയിലെ തൊരൂരില്‍ വസ്ത്ര വ്യാപര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടയിൽ സ്റ്റേജ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക മോഹന് പരിക്ക്. പ്രിയങ്ക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടിക്കൊപ്പം ഉദ്ഘാടനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്. വേദിയിൽ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നിൽക്കുമ്പോൾ പെട്ടെന്ന് സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
'ഇന്ന് തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ അപകടത്തിൽ എനിക്ക് കുഴപ്പമൊന്നുമില്ലെന്നും ഭാഗ്യത്തിന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും എന്റെ അഭ്യുദയകാംക്ഷികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സംഭവത്തില്‍ പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങൾക്ക് എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നന്ദി' - പ്രിയങ്ക എക്സിൽ കുറിച്ചു.
ഉദ്ഘാടനത്തിനിടെ വേദി തകർന്ന് വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവർ അതിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. നാനി നായകനായെത്തിയ ഗാങ് ലീഡർ എന്ന സിനിമയിലൂടെയാണ് പ്രിയങ്ക ശ്രദ്ധ നേടിയത്.പിന്നാലെ ഡോക്ടർ, എതിര്‍ക്കും തുനിന്തവന്‍, ഡോൺ, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. നാനി നായകനായ സൂര്യാസ് സാറ്റർഡേയാണ് പ്രിയങ്കയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജയം രവി നായകനാകുന്ന ബ്രദർ, പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഓജി എന്നിവയാണ് പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.