യാന്‍ സോമ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

Update: 2024-08-19 12:45 GMT

സ്വിറ്റ്‌സര്‍ലന്‍ഡ് ഫുട്‌ബോള്‍ സംഭാവന ചെയ്ത മികച്ച താരവും ഗോള്‍ കീപ്പറുമായ യാന്‍ സോമ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 35കാരന്‍ നിലയില്‍ സീരി എ ക്ലബ് ഇന്റര്‍ മിലാന്റെ താരമാണ്. ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കും. 94 അന്താരാഷ്ട്ര മത്സരങ്ങള്‍ സ്വിസ് ദേശീയ ടീമിനായി കളിച്ച താരമാണ് സോമ്മര്‍. മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും സ്വിസ് വല കാത്തത് സോമ്മറാണ്. 2012ലാണ് താരം ദേശീയ ടീമിനായി അരങ്ങേറിയത്.

ഈ വര്‍ഷം നടന്ന യൂറോ കപ്പാണ് സോമ്മര്‍ അവസാനമായി സ്വിസ് ജേഴ്‌സിയില്‍ ഇറങ്ങിയ പോരാട്ടം. ഇംഗ്ലണ്ടിനോട് ക്വര്‍ട്ടറില്‍ തോറ്റ് ടീം പുറത്തായിരുന്നു.2020ലെ യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരായ പ്രീ ക്വാര്‍ട്ടര്‍ വിജയിച്ച സ്വിസ് ടീമിന്റെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായത് സോമ്മറിന്റെ സാന്നിധ്യമായിരുന്നു. മത്സര നിശ്ചിത സമയത്തും അധിക സമയത്തും 3-3നു സമനിലയില്‍ അവസാനിച്ച ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി സോമ്മര്‍ തടുത്തിട്ടത് നിര്‍ണായകമായി. മത്സരം 5-4നു ജയിച്ച് സ്വിസ് ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറി. ക്ലബ് തലത്തില്‍ കഴിഞ്ഞ സീസണില്‍ ഇന്റര്‍ മിലാന് സീരി എ കിരീടം സമ്മാനിക്കുന്നതിലും താരം ശ്രദ്ധേയ പങ്ക് വഹിച്ചു. ജര്‍മന്‍ അതികായരായ ബയേണ്‍ മ്യൂണിക്കിനായി സോമ്മര്‍ കളിച്ചിട്ടുണ്ട്. ബയേണിനൊപ്പം ബുണ്ടസ് ലീഗ കിരീട നേട്ടം. സ്വിസ് ടീം ബാസലിനായി കളിച്ചപ്പോള്‍ രണ്ട് തവണ പ്രീമിയര്‍ ലീഗ് കിരീട നേട്ടം.

Tags:    

Similar News