ഹോക്കിയില്‍ മലേഷ്യയുടെ വലവിറപ്പിച്ച് ഇന്ത്യ; ഒന്നിനെതിരേ എട്ട് ഗോള്‍ ജയം

Update: 2024-09-11 12:52 GMT

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യയുടെ ഗോൾ വല വിറപ്പിച്ച് ഇന്ത്യ. ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ‌ മറുപടി പറഞ്ഞത്. സ്‌ട്രൈക്കര്‍ രാജ്കുമാര്‍ പാല്‍ ഹാട്രിക്കും അരെയ്ജീത് സിങ് ഇരട്ട ഗോളുകളും നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ ജയമാണിത്.

രാജ്കുമാര്‍ പാലിന്റെ കന്നി അന്താരാഷ്ട്ര ഹാട്രിക്കായിരുന്നു ഇത്. മാത്രമല്ല, മൂന്നാം മിനിറ്റില്‍ തന്നെ രാജ്കുമാര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കുശേഷം അരെയ്ജീത് സിങ്ങും ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ജുഗ്രാജ് സിങ് കൂടി ഗോള്‍ നേടിയതോടെ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലെത്തി. രണ്ട് ഗോളുകള്‍ നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത അരെയ്ജീത് സിങ്ങാണ് കളിയിലെ താരം.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങായിരുന്നു നാലാമത് വല കുലുക്കിയത്. രണ്ട്, മൂന്ന് ക്വാര്‍ട്ടറുകളില്‍ ഓരോ ഗോള്‍ കൂടി നേടി രാജ്കുമാര്‍ ഹാട്രിക് തികച്ചു. മലേഷ്യക്കായി ഏക ഗോള്‍ നേടിയത് അനുവര്‍ അഖീമുള്ളയാണ്. ഇന്ത്യയുടെ അഞ്ച് ഗോളുകള്‍ നേരിട്ടും മൂന്ന് ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍നിന്നുമാണ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ്പായ മേലഷ്യ പട്ടികയില്‍ താഴെയാണ്.

Tags:    

Similar News