സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി മറികടക്കാനൊരുങ്ങി വിരാട് കോലി; ദൂരം 58 റണ്‍സ് മാത്രം

Update: 2024-09-12 09:13 GMT

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയേയാണ്. ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലി ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങുക.

കോലിയുടെ മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി കോലിയെ മിക്കപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോഡ് കോലി മറികടക്കുമോ എന്ന് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. 80 സെഞ്ചുറികളാണ് നിലവിൽ കോലിയുടെ അക്കൗണ്ടിലുള്ളത്.

അതുപോലെ ബംഗ്ലാദേശ് പരമ്പരയ്ക്കിടെ സച്ചിന്റെ മറ്റൊരു റെക്കോഡ് കോലി മറികടന്നേക്കും. കരിയറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ് കോലി. 27,000 റൺസാകാൻ വെറും 58 റണ്‍സ്‌കൂടിയേ താരത്തിന് അടിച്ചെടുക്കേണ്ടതുള്ളു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോലിക്ക് സാധിക്കും. നിലവില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികച്ച താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്.226 ടെസ്റ്റ് ഇന്നിങ്‌സ്, 396 ഏകദിന ഇന്നിങ്‌സ്, 1 ടി20 അങ്ങനെ 623 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 27,000 റണ്‍സ് തികച്ചത്. അതേസമയം, കോലിക്ക് 591 ഇന്നിങ്‌സുകളില്‍ നിന്നായി 26,942 റണ്‍സുണ്ട്.

Tags:    

Similar News