പിടി ഉഷ പാരീസിൽ രാഷ്ട്രീയം കളിച്ചു: പിന്തുണ ആത്മാര്‍ഥമായി തോന്നിയില്ല; വിനേഷ് ഫോഗട്ട്
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിംപിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. തന്നെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിംപിക് അസോസിയേഷനില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും തനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും വിനേഷ് പറഞ്ഞു. പിടി ഉഷ താന്‍ ആശുപത്രിയിലായിരിക്കുമ്പോഴെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.അത് ആത്മാര്‍ഥമായ പിന്തുണയായി തോന്നിയില്ലെന്നും വിനേഷ് പറഞ്ഞു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമര്‍ശം.
താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയത്.ഇന്ത്യയല്ല താന്‍ വ്യക്തിപരമായാണ് കേസ് നല്‍കിയത്. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാല്‍വെ കേസിന്റെ ഭാഗമായി ചേര്‍ന്നത്. സര്‍ക്കാര്‍ കേസില്‍ മൂന്നാം കക്ഷിയായിരുന്നുവെന്നും ഫോഗട്ട് പറഞ്ഞു. നേരത്തെ, അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ നിയമ നടപടിക്ക് ഉള്‍പ്പെടെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുന്നിട്ടിറങ്ങിയിരുന്നെങ്കിലും സംഭവങ്ങളുടെ ഉത്തവാദിത്തം താരത്തിന് തന്നെയാണ് എന്നായിരുന്നു പി ടി ഉഷ ഉള്‍പ്പെടെ പറഞ്ഞത്.
പാരിസ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ മത്സരിക്കാനിരിക്കെയാണ് വിനീഷിനെ അയോഗ്യയാക്കിയത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയായിരുന്നു നടപടി. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി താരം ഏറ്റുവാങ്ങിയത്.