സൗദി അറേബ്യയിലെ തൊഴിലാളികളുടെ വേതനം ; രേഖകൾ 'മുദാദ്' പോർട്ടലിൽ സമർപ്പിക്കാനുള്ള കാലയളവ് 30 ദിവസമാക്കി ചുരുക്കി
രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വേതനസംരക്ഷണ രേഖകൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ‘മുദാദ്’ പോർട്ടലിൽ സമർപ്പിക്കാൻ അനുവദിച്ച കാലയളവ് 30 ദിവസമായി ചുരുക്കി.
നിലവിൽ 60 ദിവസത്തെ സാവകാശമാണ് ഉണ്ടായിരുന്നത്. അത് ഒരുമാസമായി കുറച്ചാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയനിയമം മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിലാകും. വേതന സംരക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണിതെന്നും അധികൃതർ വ്യക്തമാക്കി. ഭേദഗതിപ്രകാരം തൊഴിൽകരാർ ബന്ധത്തിലെ കക്ഷികളായ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള മൂല്യവും സമയവും അനുസരിച്ച് ശമ്പളം നൽകുന്നതിനുള്ള കൃത്യതയും പ്രതിബദ്ധതയും ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ഒരു മാസത്തേക്കുള്ള വേതന രേഖകൾ സമർപ്പിക്കണം.
സമർപ്പിക്കുന്ന കാലയളവിലെ സ്ഥാപന പ്രതിനിധികളുടെ നടപടികളെ അടിസ്ഥാനമാക്കി മന്ത്രാലയം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കാലയളവ് ഭേദഗതി ചെയ്തത്. 90 ശതമാനം സ്ഥാപനങ്ങളും നിശ്ചിത തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വേതന രേഖകൾ സമർപ്പിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.