കൈറോയിൽ അറബ് യോഗം നടന്നു ; ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വീടുകളിലേക്കുള്ള മടക്കം ചർച്ചയായെന്ന് സൗദി അറേബ്യ
ഈജിപ്തിന്റെ ക്ഷണപ്രകാരം കൈറോയിൽ ചേർന്ന ആറ് അറബ് കക്ഷികളുടെ കൂടിയാലോചന യോഗം ഗസ്സയിൽ കുടിയിറക്കപ്പെട്ടവർക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനുള്ള അവസരങ്ങൾ ചർച്ച ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഫലസ്തീൻ അതോറിറ്റിയെ അതിന്റെ ചുമതലകൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്നതിനെയും ഗസ്സയിൽ വെടിനിർത്തൽ തുടരുന്നതിനെയും കുറിച്ച് കൈറോ യോഗം ചർച്ച ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ജോർഡൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ആറ് അറബ് കക്ഷികൾക്ക് പുറമെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി, അറബ് ലീഗ് സെക്രട്ടറി ജനറൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്തുന്നതും ബന്ദികളെയും തടവുകാരെയും കൈമാറ്റം ചെയ്യുന്നതിനെയും ആറ് കക്ഷികൾ സ്വാഗതം ചെയ്തു.
ഈജിപ്തും ഖത്തറും ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു. ഈ കരാർ നേടിയെടുക്കുന്നതിൽ യു.എസിന്റെ പ്രധാനവും അഭിനന്ദനാർഹവുമായ പങ്ക് ഊന്നിപ്പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി മിഡിൽ ഈസ്റ്റിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും സംഘർഷങ്ങളുടെ മേഖലയെ സ്വതന്ത്രമാക്കുന്നതിന് പ്രവർത്തിക്കുന്നതിനും യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കരാർ അതിന്റെ എല്ലാ ഘട്ടങ്ങളിലും വ്യവസ്ഥകളിലും നടപ്പാക്കുന്നത് ഉറപ്പാക്കാനും സമ്പൂർണ ശാന്തത കൈവരിക്കാനും മൂന്ന് രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് ആറ് കക്ഷികൾ പിന്തുണ ഉറപ്പിച്ചു. വെടിനിർത്തൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ എല്ലാ ഭാഗങ്ങളിലേക്കും മാനുഷിക പിന്തുണയുടെ പ്രവേശനം ഉറപ്പാക്കൽ, എല്ലാ മാനുഷിക, അഭയ സഹായങ്ങളുടെയും വീണ്ടെടുക്കൽ, പുനരധിവാസ ആവശ്യകതകളുടെയും പ്രവേശനത്തിനുള്ള എല്ലാ തടസ്സങ്ങളും ഉചിതവും സുരക്ഷിതവുമായ രീതിയിൽ നീക്കംചെയ്യുന്നതും ചർച്ച ചെയ്തതിലുൾപ്പെടും.
ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പൂർണമായി നിരസിച്ചു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) സുപ്രധാനവും ഒഴിച്ചുകൂടാനാവാത്തതും മാറ്റാനാകാത്തതുമായ പങ്ക് ഊന്നിപ്പറഞ്ഞു.
അതിനെ മറികടക്കാനോ അതിന്റെ പങ്ക് പരിമിതപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും വ്യക്തമായി നിരസിക്കുന്നു. ഫലസ്തീനികളുടെ മണ്ണിൽ അതിജീവനം ഉറപ്പാക്കുന്ന വിധത്തിൽ ഗസ്സയിലെ സമഗ്രമായ പുനർനിർമാണ പ്രക്രിയ എത്രയും വേഗം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യവും യോഗാനന്തരം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.