സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറഉം പ്രതിനിധി സംഘവും റിയാദിലെത്തി. അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. റിയാദ് വിമാനത്താവളത്തിൽ എത്തിയ സിറിയൻ പ്രസിഡന്റിനെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ മുഹമ്മദ് ബിൻ അബ്ദുൽമാലിക് ആലുശൈഖ്, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, റോയൽ കോർട്ട് ഉപദേഷ്ടാവ് ഖാലിദ് ബിൻ ഫരീദ് ഹദ്റാവി, സിറിയയിലെ സൗദി അംബാസഡർ ഫൈസൽ അൽ മുജ്ഫൽ, ആക്ടിങ് മേഖല പൊലീസ് ഡയറക്ടർ മേജർ ജനറൽ മൻസൂർ ബിൻ നാസർ അൽ ഉതൈബി, റോയൽ പ്രോട്ടോകോൾ ഏജന്റ് ഫഹദ് അൽസഹീൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിദേശകാര്യ മന്ത്രി അസദ് അൽശൈബാനിയും കൂടെയുണ്ട്.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അൽശറഅ് കൂടിക്കാഴ്ച നടത്തും. സിറിയയിലെ സംഭവ വികാസങ്ങൾ, സിറിയയിൽ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ, ഡമാസ്കസും അറബ് തലസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകൾ, സിറിയക്കെതിരായ ഉപരോധം നീക്കാനുള്ള ശ്രമങ്ങൾ എന്നിവ ചർച്ച ചെയ്യും.
ഇക്കഴിഞ്ഞ ജനുവരി 29നാണ് സിറിയൻ പ്രസിഡന്റായി അഹമ്മദ് അൽശറഅ് അധികാരമേറ്റത്. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അടുത്തിടെ ഡമസ്കസ് സന്ദർശിച്ചിരുന്നു. ആ സമയത്ത് അൽശറഉമായി കൂടിക്കാഴ്ചയും സിറിയൻ വിദേശകാര്യ മന്ത്രിയുമായി വാർത്താസമ്മേളനവും നടത്തിയിരുന്നു.
സിറിയയുടെ ഉയർച്ചയെ പിന്തുണയ്ക്കാനുള്ള സന്നദ്ധത സൗദി അറേബ്യ ഊന്നിപ്പറഞ്ഞിരുന്നു. ദമാസ്കസിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പ്രാദേശിക സമഗ്രതക്കും സിറിയൻ ജനതയുടെ നിലപാടുകൾക്കും സൗദിയുടെ പിന്തുണ വിദേശകാര്യ മന്ത്രി സിറിയൻ സന്ദർശന വേളയിൽ പുതുക്കുകയും ചെയ്തിരുന്നു.