മാർച്ച് മുതൽ മേയ് വരെ തുടരുന്ന നിലവിലെ വസന്തകാലത്ത് സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ സാധാരണ തോതിനേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം.
ഉപരിതല താപനിലയിൽ ജീസാൻ മേഖലയിലും മക്കയുടെ ചില പ്രദേശങ്ങളിലും മദീന, അസീർ, തബൂക്ക് എന്നീ പ്രദേശങ്ങളിൽ താപനിലയിലെ വർധന ഒന്നര ഡിഗ്രിയിലെത്തുമെന്നും കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നിലവിലെ വസന്തകാലത്ത് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യ, ഹാഇൽ, വടക്കനതിർത്തി മേഖല, അൽ ജൗഫ്, തബൂക്ക്, അസീർ എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളിൽ മറ്റിടങ്ങളിൽ ശരാശരിയേക്കാൾ കുറഞ്ഞ മഴ ലഭിക്കാൻ 50 ശതമാനം സാധ്യതയുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കും. കാലാവസ്ഥ റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും 50-60 ശതമാനം വരെ മഴ പെയ്യാനുള്ള സാധ്യതയാണ് വസന്തകാലത്തുള്ളത്.
ഏപ്രിലിൽ, രാജ്യത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ മഴയുടെ തോത് കേന്ദ്രം പ്രതീക്ഷിക്കുന്നു. മേയിൽ മഴ സാധാരണ നിരക്കിൽ പെയ്യുമെന്നും ഏപ്രിലിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും താപനില ഉയരുമെന്നും ഈ വർധനയുടെ നിരക്ക് ഏകദേശം രണ്ട് ഡിഗ്രിയായിരിക്കുമെന്നും ജീസാൻ, നജ്റാൻ മേഖലകളിലും മക്ക മേഖലയുടെ തീരപ്രദേശങ്ങളിലും താപനിലയിലെ വർധന ഒന്നര ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
മേയിൽ റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ ഖസിം, നജ്റാൻ എന്നീ പ്രദേശങ്ങളിൽ താപനില രണ്ട് ഡിഗ്രി ഉയരുമെന്നും കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ പല പ്രദേശങ്ങളിൽ ഒന്നര ഡിഗ്രി വരെ എത്തുമെന്നും കേന്ദ്രം പ്രവചിക്കുന്നു.
മഴയും ഉപരിതല താപനിലയും ഉൾപ്പെടെ ഈ വർഷത്തെ വസന്തകാലത്ത് രാജ്യത്ത് നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ കാലാവസ്ഥ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ വ്യക്തമാക്കി.