അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രോൺ സൗദി ആഭ്യന്തരമന്ത്രാലയം പ്രദർശിപ്പിച്ചു.
‘ജീവിതത്തിന്റെ ഭാവി’ എന്ന ശീർഷകത്തിൽ റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘സിറ്റി സ്കേപ് 2024’ മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസ് ഈ അത്യാധുനിക ഡ്രോൺ നിർമിതി പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയത്.
മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് മേളയുടെ സംഘാടകർ. പവിലിയനിലെ സന്ദർശകർക്ക് ഡ്രോണിന്റെ പ്രവർത്തന രീതിയെക്കുറിച്ച് സിവിൽ ഡിഫൻസ് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. നിർമിതബുദ്ധിയിലാണ് ഇത് പ്രവർത്തിക്കുന്നത്. കാമറ, തെർമൽ, മോഷൻ സെൻസറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
30 കി.മീ ഉയരത്തിൽ ഈ ഡ്രോണിന് പറക്കാൻ കഴിയും. മലയോര മേഖലയിലുണ്ടാകുന്ന അപകടങ്ങൾ, കാട്ടുതീ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വളരെ ഉപകാരപ്രദമാണിത്. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്ക് ഭക്ഷണവും മരുന്നും അടിയന്തര സേവനങ്ങൾക്കായും ഇത് ഉപയോഗിക്കാനാകും.
സൗദി വിഷൻ 2030ന്റെ വെളിച്ചത്തിൽ മന്ത്രാലയം സാക്ഷ്യം വഹിച്ച വികസനം ഉയർത്തിക്കാട്ടുകയാണ് പ്രദർശനത്തിലെ പങ്കാളിത്തത്തിലൂടെ ആഭ്യന്തര മന്ത്രാലയം.
ആഭ്യന്തര സുരക്ഷ സംവിധാനവും സുരക്ഷ നിലനിർത്തുന്നതിലും അതിർത്തികൾ ഭദ്രമാക്കുന്നതിലും പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിലും ഫീൽഡ് വർക്ക് മെച്ചപ്പെടുത്തുന്നതിലും പരിസ്ഥിതി സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിലും എ.ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെയുള്ള നേട്ടങ്ങൾ എടുത്തുകാണിക്കുന്നതുമാണ് മേളയിലെ ഈ പവിലിയൻ.