രാജ്യം പൂർണമായി തണുപ്പിലേക്ക് നീങ്ങിയിട്ടില്ലെങ്കിലും പല പ്രദേശങ്ങളിലും മഴ തുടരുന്നുണ്ട്. മക്ക, മദീന, ജിദ്ദ, അബഹ, അൽബാഹ, ജിസാൻ തുടങ്ങിയ ഭാഗങ്ങളിലാണ് മഴ പെയ്യുന്നത്. തിങ്കളാഴ്ച ശക്തമായ മഴയാണ് പെയ്തത്.വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് മക്കയിലെ വിവിധ ഭാഗങ്ങളിലും ജിദ്ദയിലെ ചില ഭാഗങ്ങളിലും കനത്ത വെള്ളപ്പാച്ചിലുണ്ടായി.
ജിദ്ദയിലെ അൽ ഹംറ, റുവൈസ്, ഖാലിദ് ബിൻ വലീദ് തുടങ്ങിയ പ്രദേശങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ മഴയോടൊപ്പം തണുപ്പുള്ള കാലാവസ്ഥാമാറ്റവും പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മക്കയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഏറെ പ്രയാസം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മഴ മുന്നറിയിപ്പ് നൽകുമ്പോൾ അതത് പ്രദേശത്തെ സ്കൂളുകൾക്കും സാധാരണ അവധി നൽകാറുണ്ട്. കാലാവസ്ഥകേന്ദ്രം തിങ്കളാഴ്ച മക്കയിലെ മഴയെ കുറിച്ച് നേരത്തേ അറിയിപ്പ് നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് രക്ഷിതാക്കൾ ചോദിച്ചു. മക്കയിലെ ചില സ്കൂളുകളിൽ കുട്ടികളെ അവരുടെ രക്ഷിതാക്കൾ എത്തുന്നതു വരെ സ്കൂളിൽ തന്നെ ഇരുത്തുകയായിരുന്നു.സ്കൂൾ വിടുന്ന സമയത്താണ് ചിലയിടങ്ങളിൽ മഴ പെയ്തത്.
സൗദിയുടെ വടക്കൻ ഭാഗങ്ങളിൽ ശൈത്യം തുടങ്ങിയിട്ടുണ്ട്. മഴ തുടരുന്നതോടെ വരും ആഴ്ചകളിൽ താപനില വീണ്ടും കുറഞ്ഞ് അതിശൈത്യം അനുഭവപ്പെട്ടേക്കും. അൽ ബാഹ, അബഹ, അസീർ, നജ്റാൻ പ്രദേശങ്ങളിൽ ഏറിയ സമയവും ആകാശം മൂടിക്കെട്ടിയ നിലയിലാണ്. ഹാഇൽ, അൽ ഖസീം പ്രവിശ്യകളിലും മദീനയിലെ കിഴക്കൻ ഭാഗങ്ങളിലും മക്കയുടെ ചിലയിടങ്ങളിലും മഴയായിരിക്കും തുടർന്നുള്ള ദിവസങ്ങളിലുമെന്നാണ് പ്രവചനം.
ഡിസംബർ തുടങ്ങുമ്പോഴേക്കും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ശൈത്യകാലം ആരംഭിക്കുമെന്ന് നേരത്തേ കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തുറൈഫിലും അൽ ഖുറയാത്തിലുമാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്. ഇവിടത്തെ താപനില പൂജ്യം ഡിഗ്രിക്ക് അടുത്താണ്. അതേസമയം അൽ ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക് എന്നിവിടങ്ങളിൽ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസാണ്. ഹാഇലിൽ ഏഴ് ഡിഗ്രി സെൽഷ്യസും അൽ ഖസീമിൽ 14 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. റിയാദ് നഗരത്തിലും താപനില കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാദിലെ ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസായിരുന്നു.