സിറിയൻ ജനതയുടെ ഇച്ഛാശക്തിയെയും രാജ്യങ്ങളുടെ ഐക്യത്തെയും അഖണ്ഡതയെയും പിന്തുണക്കാൻ സൗദി അറേബ്യ പുലർത്തുന്ന താൽപര്യം ഞങ്ങളെ ശക്തരാക്കുന്നുവെന്ന് സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറഅ് പറഞ്ഞു.
സൗദി സന്ദർശന വേളയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോട് നന്ദി അറിയിച്ചു. സിറിയയെയും അവിടത്തെ ജനങ്ങളെയും പിന്തുണ ക്കാനും രാജ്യത്തിന്റെ സ്ഥിരതയും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാനുമുള്ള യോഗങ്ങളിൽനിന്ന് സൗദി അറേബ്യ പുലർത്തുന്നത് ആത്മാർഥമായ താൽപര്യമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും ആശയവിനിമയത്തിന്റെയും തലം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ വിപുലമായ ചർച്ചകൾക്ക് സന്ദർശനം സാക്ഷ്യം വഹിച്ചതായും കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം വിശദീകരിച്ചു. പ്രത്യേകിച്ചും മാനുഷികവും സാമ്പത്തികവുമായ വശങ്ങളിൽ സൗദി സന്ദർശനം സിറിയൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും സഹായിക്കും. പ്രാദേശിക സ്ഥിരത വർധിപ്പിക്കുകയും സിറിയയിലും മേഖലയിലും സമാധാനവും വികസനവും കൈവരിക്കാൻ ലക്ഷ്യമിടുന്ന ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന ഒരു യഥാർഥ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സമഗ്രമായ ഭാവി പദ്ധതികൾക്ക് ധാരണയായതായും അദ്ദേഹം സൂചിപ്പിച്ചു.
അറബ്, അന്താരാഷ്ട്ര തലങ്ങളിൽ സിറിയയുടെ പങ്ക് വർധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് കഴിഞ്ഞ ഒരു മാസമായി റിയാദിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ നയതന്ത്ര സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യവും സിറിയൻ പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. ഇത് സംയുക്ത അറബ് നടപടി ശക്തിപ്പെടുത്തി. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സിറിയയുടെ നിലപാടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പുനർനിർമാണത്തിനും സുസ്ഥിരതക്കുംവേണ്ടിയുള്ള സൗദിയുടെ പിന്തുണയെ സിറിയ അഭിനന്ദിക്കുന്നു.
കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങളെ സേവിക്കുന്ന വിധത്തിൽ വിവിധ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറഅ്വും ഒപ്പമുള്ള പ്രതിനിധി സംഘവും മക്കയിലെത്തി ഉംറ നിർവഹിച്ചു.
ജിദ്ദയിൽ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയ സിറിയൻ പ്രസിഡന്റിനെ മക്ക ഡെപ്യൂട്ടി ഗവർണർ സുഊദ് ബിൻ മിശ്അൽ സ്വീകരിച്ചു. മക്കയിലെ നിരവധി ഉദ്യോഗസ്ഥർ ഹറമിൽ അദ്ദേഹത്തെയും സംഘത്തേയും വരവേറ്റു.