സൗദി അറേബ്യയിൽ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു
ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം, സൗദി അറേബ്യയിൽ നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരുടെ ചുരുങ്ങിയ പ്രായം 21 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ തൊഴിൽ നിയമങ്ങൾ സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാർഹിക ജീവനക്കാരുമായുള്ള തൊഴിൽ കരാറുകളിലെ തീയതികൾ ഗ്രിഗോറിയൻ കലണ്ടർ (മറിച്ച് കരാറിൽ സൂചിപ്പിക്കാത്ത പക്ഷം) പ്രകാരമുള്ള തീയതികളായി കണക്കാക്കുമെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ നിയമങ്ങൾക്കെതിരായി കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ അസാധുവാകുമെന്നും (ജീവനക്കാർക്ക് കൂടുതൽ പ്രയോജനകരമായ വ്യവസ്ഥകൾ ഒഴികെ) ഈ നിയമം അനുശാസിക്കുന്നുണ്ട്. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോസ്ഴ്സസ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ പ്രകാരമുള്ള കരാറുകൾക്ക് മാത്രമാണ് സാധുത. ജീവനക്കാരന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കരാറിന്റെ പകർപ്പ് ജീവനക്കാരെ ബോധിപ്പിക്കേണ്ടതാണ്. ഒരു നിശ്ചിത കാലയളവിലേക്കോ, ഓരോ വർഷം തോറും പുതുക്കുന്നതോ ആയ രീതിയിലായിരിക്കണം ഈ കരാറുകൾ.
ഇത്തരം കരാറുകളിൽ തൊഴിൽ വിവരങ്ങൾ, ജീവനക്കാരന്റെ പേര്, പൗരത്വം, അഡ്രസ്, തൊഴിലുടമയുടെ അഡ്രസ്, തൊഴിലുടമയുടെ ഔദ്യോഗിക അഡ്രസ്, കരാർ ഒപ്പ് വെക്കുന്ന തീയതി, കരാർ കാലാവധി, വേതനം, വേതനം നൽകുന്ന രീതി, ഇരുകൂട്ടരുടെയും അവകാശങ്ങൾ, കടമകൾ, ജോലിസമയം, അവധിദിനങ്ങൾ മുതലായവ ഉൾപ്പെടുത്തിയിരിക്കണം.