രണ്ടാമത് സൗദി മാധ്യമസമ്മേളനത്തിന് തിങ്കളാഴ്ച റിയാദിൽ തുടക്കമാകും. അറബ് രാജ്യങ്ങളിൽനിന്നടക്കം 1500 മാധ്യമ, വ്യവസായ പ്രമുഖരും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ദൃശ്യ, ശ്രവ്യ, പത്ര, ഡിജിറ്റൽ മാധ്യമങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മാധ്യമമേഖലയുടെ വികസനം, ഭാവി എന്നിവ ചർച്ചയാകും. ആഗോളതലത്തിൽ മാധ്യമങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പങ്കും വെല്ലുവിളികളും അവലോകനംചെയ്യുമെന്ന് സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സി.ഇ.ഒ. മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു. സൗദി ജേണലിസ്റ്റ് അസോസിയേഷന്റെ കീഴിൽ 2019 -ലാണ് റിയാദിൽ ആദ്യ മാധ്യമസമ്മേളനം നടക്കുന്നത്. 32 രാജ്യങ്ങളിൽനിന്നും പ്രാദേശിക അന്താരാഷ്ട്ര തലത്തിൽനിന്നും 1000 പ്രമുഖർ പങ്കെടുത്തിരുന്നു.