ഉംറ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കാൻ സർവേയുമായി സൗദി മന്ത്രാലയം

Update: 2023-02-22 12:22 GMT

ഉംറ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഉംറ തീർഥാടനത്തിന് എത്തിയവർക്കിടയിൽ അഭിപ്രായ സർവേയുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ തീർഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പരമാവധി എത്ര സമയം എടുക്കുന്നു, എത്ര പേർ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയാണ് സർവേ. ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും തീർഥാടകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫീൽഡ് സർവേ.

തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും ഭാവി പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമായി ഇരു ഹറം കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയുമായി അഫിലിയേറ്റ് ചെയ്ത സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ സെന്ററാണ് സർവേകൾക്ക് നേതൃത്വം നൽകുന്നതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉംറയുടെ പ്രധാന ചടങ്ങുകളിലൊന്ന് വിശുദ്ധ കഅബയെ ഏഴ് തവണ പ്രദക്ഷിണം വയ്ക്കലാണ്. ത്വവാഫ് എന്നു വിളിക്കപ്പെടുന്ന ഈ പ്രദക്ഷിണം പൂർത്തിയാക്കാൻ ശരാശരി എത്ര സമയം എടുക്കുന്നുണ്ടെന്ന കാര്യം സർവേയിൽ രേഖപ്പെടുത്തുന്നുണ്ട്.

ത്വവാഫിന്റെയും സഅ്യിന്റെയും ഇടയിൽ ആവശ്യമായി വരുന്ന സമയം, രണ്ട് ചടങ്ങുകളിലും വീൽ ചെയറുകൾ, കാർട്ടുകൾ തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളും സർവേയിൽ രേഖപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിലെയും പരിസരങ്ങളിലെയും തീർഥാടനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവേയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ തലവൻ മുഹമ്മദ് ബിൻ സാദ് അറിയിച്ചു.

Similar News