സൗദി തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന റിയാദ് സീസണിലെ സന്ദർശകരുടെ എണ്ണം 1.3 കോടി കവിഞ്ഞു. സീസൺ പരിപാടികൾ ആരംഭിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഇത്രയും ആളുകളുടെ സന്ദർശനമുണ്ടായത്. നേരത്തേ 10 ദിവസം കൊണ്ട് 10 ലക്ഷം സന്ദർശകരെ ആകർഷിക്കാൻ സീസണ് കഴിഞ്ഞിരുന്നു. ഒക്ടോബറിൽ സീസൺ ആരംഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ വലിയ ഒഴുക്കാണുണ്ടാവുന്നത്.
സംഗീതക്കച്ചേരികൾ, കലാപ്രദർശനങ്ങൾ, നാടകാവതരണങ്ങൾ, എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ വിനോദ പരിപാടികൾ തുടങ്ങി ആയിരക്കണക്കിന് വൈവിധ്യമാർന്ന പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു. ഇത്തവണത്തെ റിയാദ് സീസൺ ആഘോഷ പരിപാടികളിൽ അഞ്ച് പ്രധാന മേഖലകളാണ് ഉൾപ്പെടുന്നത്. ബൊളിവാഡ് വേൾഡ്, കിങ്ഡം അരീന, ബൊളിവാഡ് സിറ്റി, ദി വെന്യു, അൽ സുവൈദി പാർക്ക് എന്നിവയാണവ.
ഓരോ പ്രദേശവും സന്ദർശകർക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. വർധിച്ചുവരുന്ന സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി ബൊളിവാഡ് വേൾഡ് 30 ശതമാനം വികസിപ്പിക്കുകയും ലോകമെമ്പാടുമുള്ള ഒന്നിലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന പുതിയ പ്രദേശങ്ങൾ ചേർക്കുകയും ചെയ്തിരിക്കുന്നു.