സൗദി അരാംകോ ഉഹരി ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത. കമ്പനിയുടെ ഓഹരി ലാഭവിഹിതത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍. അരാംകോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്ത മാസം കമ്പനിയുടെ സാമ്പത്തികവലോകന റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ലാഭവിഹിതത്തില്‍ ഗണ്യമായ വര്‍ധനവിന് സാധ്യതയുള്ളതായി വെളിപ്പെടുത്തല്‍. കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സിയാദ് അല്‍ മുര്‍ഷിദാണ് ഇക്കാര്യം അറിയിച്ചത്.
2023 വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അടുത്ത മാസം 11ന് പുറത്ത് വരാനിരിക്കെയാണ് ഓഫീസറുടെ വെളിപ്പെടുത്തല്‍. പതിവിലും ഉയര്‍ന്ന ലാഭവിഹിതമായിരിക്കും ഒഹരി ഉടമകള്‍ക്ക് ലഭിക്കുകയെന്ന് ഇതോടെ വ്യക്തമായി. ആഗോള എണ്ണ വിപണിയില്‍ വില സ്ഥിരത കൈവരിച്ചതും, വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതും, മൂലധന വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി എന്ന നിലയില്‍ ഉണ്ടാക്കിയ നേട്ടങ്ങളും, ഉപഉല്‍പന്നങ്ങളിലെ മെച്ചപ്പെട്ട ലാഭവിഹിതവുമെല്ലാം കമ്പനിയുടെ അറ്റാദായം വര്‍ധിക്കാന്‍ ഇടയാക്കിയതായാണ് കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അരാംകോ ഈ വര്‍ഷവും ബോണ്ടുകള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും സിയാദ് അല്‍മുര്‍ഷിദ് പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കും സൗദി അരാംകോയില്‍ ഓഹരി പങ്കാളിത്തമുണ്ട്.