സൗദിയിലെ ആദ്യ ഇലക്ട്രിക് ബസ് ജിദ്ദയിൽ സർവീസ് ആരംഭിച്ചു

Update: 2023-02-03 12:20 GMT

സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറങ്ങി. ജിദ്ദയിലാണ് പരീക്ഷണാർഥത്തിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചത്. താമസിയാതെ മറ്റിടങ്ങളിലേക്കും കാർബൺ രഹിത ബസ്സുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡൻറ് ഡോ. റുമൈഹ് അൽ റുമൈഹ് ആണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസിൻറെ ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തത്. ജിദ്ദ മേയർ സ്വാലിഹ് അൽ തുർക്കി, പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽ ഹുഖൈൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു വട്ടം ചാർജ് ചെയ്താൽ 300 കിലോമീറ്റർ ദൂരം താണ്ടാൻ ഇലക്ട്രിക് ബസിന് സാധിക്കും. ഉയർന്ന കാര്യക്ഷതമയുള്ള നൂതന ബസുകളുടെ ഗണത്തിൽ പെട്ട ഈ ബസിൻറെ വൈദ്യുതി ഉപയോഗം മറ്റു ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണ്. സൗദി പൊതുഗതാഗത അതോറിറ്റി പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് പാസഞ്ചർ ബസുകളുടെ ഏറ്റവും പുതിയ മോഡലുകൾ ജിദ്ദ ഗവർണറേറ്റിലെ താമസക്കാർക്ക് പൊതുഗതാഗത റൂട്ടുകളിൽ സേവനങ്ങൾ നൽകും.

പ്രിൻസ് സൗദ് അൽ ഫൈസൽ സ്ട്രീറ്റ് വഴി ഖാലിദിയയെ ബലദുമായി ബന്ധിപ്പിക്കുന്ന എ 7 റൂട്ടിലൂടെയാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തി മദീന റോഡിലൂടെ കടന്നുപോകുന്നത്. ഖാലിദിയ, റൗദ, ആൻഡലസ്, റുവൈസ്, ബാഗ്ദാദിയ എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഇതിന്റെ സേവനം ലഭിക്കും.

Similar News