മരുഭൂമിയിലെ പച്ചപ്പിന് ആഗോള അംഗീകാരം ; സൗദിയിലെ കിംഗ് സൽമാൻ റോയൽ റിസർവ് ഐ.യു.സി.എൻ ഗ്രീൻ ലിസ്റ്റിൽ
സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ പ്രകൃതി സംരക്ഷിത പ്രദേശമായ കിങ് അബ്ദുൽ അസീസ് റോയൽ റിസർവിന് ആഗോള അംഗീകാരം. യു.എൻ പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇൻ്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വറിന്റെ (ഐ.യു.സി.എന്‍) അന്താരാഷ്ട്ര ഹരിത പട്ടികയിൽ ഉൾപ്പെടുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും സമ്പ്രദായങ്ങൾക്കും അനുസൃതമായി, സമ്പന്നവും സുസ്ഥിരവുമായ പരിസ്ഥിതി സംരക്ഷണം നടത്തുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് ഐ.യു.സി.എന്‍ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടതിലൂടെ ലഭിച്ചത്. 1948ൽ സ്ഥാപിതമായ ഐ.യു.സി.എന്നിൽ ലോകമെമ്പാടുമുള്ള 160 ലധികം രാജ്യങ്ങളിൽനിന്ന് 1,400 ലധികം അംഗങ്ങളാണുള്ളത്. 1981ലാണ് സൗദി ഈ സംഘടനയിൽ അംഗമായത്. ഐ.യു.സി.എൻ വിദഗ്ധർ റിസർവിന്റെ സമഗ്രമായ വിലയിരുത്തൽ പൂർത്തിയാക്കിയാണ് അംഗീകാരത്തിന് പരിഗണിച്ചത്. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിലും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നതിലും സൗദി അതോറിറ്റി കൈവരിച്ച നേട്ടങ്ങളുടെ തെളിവാണ് റിസർവ് എന്ന് വിലയിരുത്തപ്പെട്ടു.
വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും പ്രകൃതിവിഭവങ്ങളെയും റോയൽ റിസർവിൽ പ്രത്യേകം സംരക്ഷിക്കുന്നു. പ്രകൃതിവിഭവങ്ങൾ വികസിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് സംരക്ഷണം നൽകുകയും ചെയ്ത പ്രവർത്തനങ്ങളും അതോറിറ്റി പരിഗണിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണവും വികസന പ്രക്രിയയിൽ പങ്കാളികളുടെ പങ്കാളിത്തവും ആവശ്യപ്പെടുന്ന സൂചകങ്ങൾ പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.