കേരളത്തിൽനിന്നെത്തിയ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 13 മുതൽ ആരംഭിക്കും. ആഗസ്റ്റ് രണ്ടോടെ കേരള ഹാജിമാർ നാട്ടിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു. ഹജ്ജിന് മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്.
ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കുന്നത്. മടങ്ങുന്നതിന് മുമ്പേ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ ബാഗേജുകൾ 24 മണിക്കൂർ മുമ്പേ ശേഖരിച്ച് പ്രത്യേകം ടാഗ് ചെയ്ത് എയർപോർട്ടിൽ എത്തിക്കും. ഹാജിമാർക്കുള്ള അഞ്ച് ലിറ്റർ സംസം ബോട്ടിലുകൾ നേരത്തെ തന്നെ എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചിരുന്നു.
നാട്ടിലെത്തുന്നമുറക്ക് ഇവർക്ക് സംസം ബോട്ടിലുകൾ കൈമാറും. പ്രൈവറ്റ് ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകരും ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ മടങ്ങിത്തുടങ്ങി. ഇവരുടെ മദീന സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്ന ഷട്ടിൽ ബസ് സർവിസ് വഴി ഹാജിമാർക്ക് മക്കയിലെ ഹറമിൽ എത്താം. മലയാളി ഹാജിമാർ എട്ടുനാൾ മദീന സന്ദർശനം പൂർത്തിയാക്കിയാവും നാട്ടിലേക്ക് മടങ്ങുന്നത്.