കേരളത്തിൽ നിന്നെത്തിയ ഹാജിമാർ ഈ മാസം 13 മുതൽ മടങ്ങി തുടങ്ങും

Update: 2023-07-07 05:53 GMT

വിശുദ്ധമക്കയിൽ ഹജ്ജ് ചെയ്യാൻ കേരളത്തിൽ നിന്നെത്തിയ ഹാജിമാർ ജൂലൈ 13 മുതൽ നാട്ടിലേക്ക് മടങ്ങി തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ എല്ലാ ഹാജിമാരും മദീന വഴിയാകും മടങ്ങുക എന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം ഹജ്ജിന് മുൻപ് മദീന വഴി എത്തിയ ഹാജിമാർ ജിദ്ദ വഴിയാകും നാട്ടിലേക്ക് മടങ്ങുന്നത്. എല്ലാ ഹാജിമാരും ആഗസ്റ്റ് രണ്ടോടെ നാട്ടിൽ തിരിച്ചെത്തും. മടങ്ങുന്നതിന് മുൻപായി ഹാജിമാർക്ക് വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കേണ്ടതുണ്ട്.

ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് ഹാജിമാരെ യാത്രയാക്കുക. ഇവരുടെ ലഗേജുകൾ നേരത്തെ തന്നെ ശേഖരിച്ച് പ്രത്യേകം ടാഗ് ചെയ്ത് എയർപോർട്ടിൽ എത്തിക്കും. ഹാജിമാർക്കുള്ള അഞ്ച് ലിറ്ററിന്റെ സംസം ബോട്ടിലുകൾ നേരത്തെ തന്നെ എംബാർക്കേഷൻ പോയിന്റുകളിൽ എത്തിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം ഹാജിമാർക്ക് ഇത് കൈമാറും.

അതേസമയം സ്വകാര്യ ഏജൻസികൾ വഴി ഹജ്ജിനെത്തിയ ഹാജിമാർ കഴിഞ്ഞ ദിവസം മുതൽ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. ഇവർ മദീന സന്ദർശനം നേരത്തെ പൂർത്തിയാക്കിയതാണ്. 

Tags:    

Similar News