സൗദിയിൽ സന്ദർശക വിസയിൽ ജോലി ചെയ്യാൻ അനുവാദമുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം

Update: 2023-02-23 07:32 GMT

സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം. യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ സന്ദർശക വിസയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്.

സ്വകാര്യ മേഖലയിൽ ജോലിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവർ ആയിരിക്കണം. അതേസമയം സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളിൽ ഒരു നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ നിയമാനുസൃതം തന്നെ അനുമതി നൽകുന്നതിനുള്ള സംവിധാനമാണ് അജീർ പദ്ധതി.

തൊഴിലാളികളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ അവരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയിൽ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തിൽ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ് സ്ഥാപനങ്ങൾക്ക് നിയമവിധേയമായിത്തന്നെ ഉപയോഗപ്പെടുത്താൻ അജീർ പദ്ധതി അനുവദിക്കുന്നു. തൊഴിലാളികളെ ആവശ്യമായി വരുന്ന സ്ഥാപനങ്ങൾക്ക് വിദേശത്തു നിന്ന് അവരെ പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ തന്നെ മറ്റൊരു സ്ഥാപനത്തിൽ അധികമായുള്ള ജീവനക്കാരെ താത്കാലികമായി നിയമാനുസൃതം ഉപയോഗപ്പെടുത്താൻ അനുവദിക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.

Similar News