സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം

Update: 2023-12-05 05:20 GMT

സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളും അറ്റകുറ്റ പണികളും നടത്താൻ പാടില്ല. നിയമലംഘകർക്ക് കനത്ത പിഴ ചുമുത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ബിൽഡിംഗ് കോഡിനനുസരിച്ചുള്ള രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപണികൾ നടത്താനും പാടുള്ളൂവെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കെട്ടിടങ്ങളുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുംവിധമുള്ള നിർമിതകളുണ്ടാക്കുന്നതിനും വിലക്കുണ്ട്.

അംഗീകൃത എൻജിനീയർമാരുടെ പ്ലാൻ അനുസരിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി നേടിയായിരിക്കണം നിർമാണ പ്രവൃത്തികൾ നടത്തേണ്ടത്. കൂടാതെ അറ്റകുറ്റപ്പണികൾ നടത്താനും മുനിസിപ്പാലിറ്റികളുടെ അനുമതി വേണം. കെട്ടിടങ്ങളുടെ ബാൽക്കണികളിലും അനുബന്ധ നിർമിതകളിലും രൂപത്തിലോ നിറത്തിലോ മാറ്റം വരുത്താൻ പാടില്ല. മുൻവശത്തെ നിറത്തിൽ നിന്നും വ്യത്യസ്തമായി ബാൽക്കണികൾക്ക് മാത്രം പ്രത്യേക നിറങ്ങൾ നൽകരുത്.

കൂടാതെ കെട്ടിടത്തിന്റെ നിർമാണ ശൈലിക്ക് യോജിക്കാത്ത രൂപമോ ഡെക്കറേഷനുകളോ ബാൽക്കണികളിൽ ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വിശദീകരിക്കുന്നു. ചട്ട വിരുദ്ധമായി നിറങ്ങൾ നൽകുകയോ നിർമിതികളുണ്ടാക്കുകയോ ചെയ്താൽ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Similar News