സൗദി അറേബ്യ: ഹൈൽ പ്രദേശത്ത് നിന്ന് ആറായിരം വർഷം പഴക്കമുള്ള പ്രാചീന ജനവാസകേന്ദ്രം കണ്ടെത്തി

Update: 2023-10-06 06:24 GMT

ഹൈൽ പ്രദേശത്ത് നിന്ന് ആറായിരം വർഷത്തോളം പഴക്കമുള്ള ഒരു പ്രാചീന ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹൈൽ പ്രദേശത്തെ ഇർഫ് പർവ്വതത്തിന് സമീപത്ത് നിന്നാണ് ഈ അവശേഷിപ്പുകൾ കണ്ടെടുത്തിരിക്കുന്നത്. സൗദി ഹെറിറ്റേജ് കമ്മിഷൻ, ജർമൻ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.

ഗുഹകൾ പോലുള്ള നിർമ്മിതികൾ, ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ മറ്റു തെളിവുകൾ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരികല്ല്, കല്ലിൽ തീർത്ത ഉലക്കകൾ, ചൂള അടുപ്പുകൾ തുടങ്ങിയവയുടെ അവശേഷിപ്പുകളും ഇവിടെ നിന്ന് കണ്ടെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അവശേഷിപ്പുകളിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ ഇവ നവീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയാണെന്ന് തെളിഞ്ഞതായി ഈ റിപ്പോർട്ടിൽ പറയുന്നു.

Tags:    

Similar News