വിദേശികളുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളെയും കന്നുകാലികളെയും തിരികെ കൊണ്ടുപോകാൻ നിർദ്ദേശം നൽകി സൗദി

Update: 2023-02-20 12:24 GMT

വിദേശികളുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളെയും കന്നുകാലികളെയും സൗദിയിൽ നിന്ന് തിരികെ കൊണ്ടുപോകാൻ നിർദ്ദേശം നൽകി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ഏഴ് മാസത്തിനകം ഇവയെ തിരികെ കൊണ്ടുപോകണമെന്നാണ് നിർദ്ദേശം. ഗ്രേസ് പിരീഡ് കണക്കാക്കുന്നത് ഫെബ്രുവരി 18 ശനിയാഴ്ച മുതൽ ആരംഭിച്ചതായും ഓഗസ്റ്റ് അവസാനത്തോടെ സമയ പരിധി അവസാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ പരിസ്ഥിതി നിയമത്തിന് അനുസൃതമായാണ് പുതിയ നിർദ്ദേശം. രാജ്യത്തെ മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ പച്ചപ്പ് നിലനിർത്തുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പരിസ്ഥിതി സംരക്ഷിക്കുന്നതിനും സൗദി അറേബ്യയിലെ സുപ്രധാന വിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഈ നടപടി.

ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ കന്നുകാലികളെ നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള സമയപരിധി അവസാനിക്കുമെന്നും അതിനു ശേഷം വിദേശികൾക്കും കന്നുകാലികളെ മേയ്ക്കുന്നവർക്കും എതിരേ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞാൽ അവയുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും നിർത്തലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആയതിനാൽ നിശ്ചയിച്ചിട്ടുള്ള ഗ്രേസ് കാലാവധി പ്രയോജനപ്പെടുത്താൻ മന്ത്രാലയം ആഹ്വാനം ചെയ്തു.

Similar News