സൗദിയിൽ സ്‌കൂൾ ബസ്സുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഓട്ടോമാറ്റഡ് സംവിധാനം
സൗദിയിൽ സ്‌കൂൾ ബസുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഓട്ടോമാറ്റഡ് സംവിധാനം നിലവിൽ വന്നതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സ്‌കൂൾ ബസ്സുകൾക്കു പുറമെ പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ട്രാൻസ്‌പോർട്ട് ബസുകളുടെയും പ്രവർത്തനങ്ങളാണ് ഇത് വഴി നിരീക്ഷിക്കുക. ഫെബ്രുവരി ഒന്ന് മുതൽ സംവിധാനം പ്രവർത്തനക്ഷമമായതായി അതോറിറ്റി അറിയിച്ചു.
നിയമ ലംഘനം കണ്ടെത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ മാസം മുതൽ രാജ്യത്ത് ഓട്ടോമാറ്റഡ് നിരീക്ഷണ സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ ഗതാഗത അതോറിറ്റി അറിയിച്ചിരുന്നു. സ്‌കൂൾ ബസുകളെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ബസുകളെയും നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം.
ബസ് പ്രവർത്തിപ്പിക്കുവാനുളള ഓപ്പറേറ്റിംഗ് കാർഡ് ഉണ്ടോ എന്ന് പരിശോധിക്കുക, അനുമതിയില്ലാതെയോ കാലഹരണപ്പെട്ട കാർഡ് ഉപയോഗിച്ചോ പ്രവർത്തിക്കുന്ന ബസുകളെ കണ്ടെത്തൽ, ബസുകളുടെ അംഗീകൃത പ്രായം പരിശോധിക്കൽ എന്നിവയാണ് പ്രധാനമായും പുതിയ സംവിധാനത്തിലൂടെ ആദ്യഘട്ടത്തിൽ നിരീക്ഷിക്കുക. ബസുകളുടെ സ്ഥിരതയും ഗുണനിലവാരവും പരിശോധിക്കുന്നതിനും, ബസുകളിൽ നിന്നും പുറന്തള്ളുന്ന കാർബണിന്റെ അളവ് കണ്ടെത്തി ആവശ്യമെങ്കിൽ പരിഹാരം നിർദേശിക്കാനും ഇത് വഴി സാധിക്കും.