സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം മാർച്ച് 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോർസസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് മാർച്ച് 10 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. മൂന്നോ അതിലധികമോ ദന്തരോഗ വിദഗ്ദരുള്ള സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാക്കുന്നത്.
مع بدء تنفيذ قرار توطين مهن الأسنان؛ تعرف على أهم الشروط والتفاصيل التي يتضمنها القرار.#التوطين_ثروة
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) March 10, 2024
ഈ തീരുമാനം നടപ്പിലാക്കാൻ 2023 സെപ്റ്റംബർ 13-നാണ് MHRSD തീരുമാനിച്ചത്. തുടർന്ന് ഇത് നടപ്പിലാക്കുന്നതിനായി സ്വകാര്യ മേഖലയിലെ ദന്ത പരിചരണ കേന്ദ്രങ്ങൾക്ക് ആറ് മാസത്തെ സമയം അനുവദിക്കുകയായിരുന്നു. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന സൗദി ഡെന്റിസ്റ്റിന്റെ പ്രതിമാസ വേതനം ചുരുങ്ങിയത് 7000 റിയാലായിരിക്കണമെന്നും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ ഇത് രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.