ലോകകപ്പ് ; സൗദി അറേബ്യൻ മത്സരദിവസങ്ങളിൽ പ്രതിദിനം 38 സർവീസുകളുമായി ഫ്ലൈ അദീൽ

Update: 2022-10-12 05:25 GMT


റിയാദ് : ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തും. സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായാണ് സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ അദീൽ സൗകര്യമൊരുക്കുന്നത് . മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന രീതികളിലാണ് വിമാന സർവീസുകൾ സജ്ജമാക്കിയിട്ടുള്ളത് . ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 16 വീതവും സർവീസുകളാണ് ദോഹയിലേക്ക് ഫ്ലൈ അദീൽ നടത്തുക. ഈ സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

കൊവിഡിന് ശേഷം ലോകത്തു തന്നെ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ആഘോഷമാക്കി ഫിഫ ലോകകപ്പ് മത്സരങ്ങളെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷത്തിലധികം പേര്‍ ഖത്തറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ടിക്കറ്റുള്ള ഫുഡ്ബോള്‍ ആരാധകര്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.

വിമാന യാത്ര സുഗമമാക്കാന്‍ വേണ്ടി ദോഹയിലെ പഴയ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. 2014ല്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയായ ശേഷം ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു ഇവിടെ നടന്നിരുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ദിവസവും നൂറിലധികം വിമാനങ്ങളാണ് ദോഹയിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങുന്നത്.

Similar News