റിയാദ് : ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമിക്കാനൊരുങ്ങുന്നു. 57 ചതുരശ്ര കി.മീ വിസ്തൃതിയിൽ ഒരുങ്ങുന്ന കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. വിമാനത്താവളത്തിന് 6 സമാന്തര റൺവേകളുണ്ടാകും.
പുതിയ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ സൗദിയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം വർഷത്തിൽ 2.9 കോടിയിൽനിന്ന് 2030ഓടെ 12 കോടിയായി ഉയരും. നിലവിലെ വിമാനത്താവളം ചരക്കുനീക്കത്തിനു മാത്രമായി പരിമിതപ്പെടുത്തും.
പുതിയ വിമാനത്താവളം രാജ്യാന്തര യാത്ര സുഗമമാക്കുന്നതോടൊപ്പം ചരക്കു നീക്കത്തിലും വ്യാപാര, ടൂറിസം രംഗത്തും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും.പുതിയ വിമാനത്താവള പദ്ധതി പെട്രോളിതര ആഭ്യന്തരോൽപാദനത്തിലേയ്ക്ക് പ്രതിവർഷം 2,700 കോടി റിയാൽ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.