സൗദി അറേബ്യയിൽ പാസ്​പോർട്ട് ഡയറക്ടറേറ്റിന്റെ ഓൺലൈൻ സർവിസായ 'അബ്ഷീർ വഴി വായ്പാതട്ടിപ്പ് ; പ്രവാസികൾ ജാഗ്രത പാലിക്കുക

Update: 2022-11-22 08:49 GMT


സൗദി : സൗദി അറേബ്യയിൽ പാസ്​പോർട്ട് ഡയറക്ടറേറ്റിന്റെ ഓൺലൈൻ സർവിസായ 'അബ്ഷീർ ഹാക്ക് ചെയ്ത് തട്ടിപ്പ്. അബ്ഷീർ' ഹാക്ക് ​ചെയ്ത് ആളുകളുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുത്താണ് തട്ടിപ്പുകൾ നടത്തുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്​പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിന്റെ ഓൺലൈൻ സർവിസായ 'അബ്ഷീറി'ൽ നിന്നാണെന്ന വ്യാജേന ഫോൺ ചെയ്താണ്​ ഇഖാമ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ തരപ്പെടുത്തുന്നത്. ഇതുപയോഗിച്ച് അജ്ഞാതർ വായ്പയെടുക്കുകയും ആളുകൾ കെണിയിൽ പെടുകയുമാണ് തുടർന്ന് വരുന്നത്.

അബ്​ഷീർ ഹാക് ചെയ്താൽ തട്ടിപ്പുകാർക്ക് പവർ ഓഫ് അറ്റോർണി, പ്രോമസറി നോട്ട് തുടങ്ങിയ രേഖകൾ വ്യാജമായി നിർമിച്ചെടുക്കാനാവും. കൂടാതെ വ്യാജമായി ഫോൺ സിമ്മും എടുക്കാനാവും. ഇതോടെ ഏത് തരം കുരുക്കിലും പെടുത്താൻ തട്ടിപ്പുകാർക്ക് കഴിയും. നിരവധി പേർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി നാട്ടിൽ പോകാനാകാതെ വലയുകയാണ്​. നല്ല ജാഗ്രത പാലിച്ചില്ലെങ്കിൽ ഏത്​ സമയത്തും കെണിയിൽ പെടാം. പെട്ടുപോയി എന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും മൊബൈലിൽ നിന്ന്​ 330330 എന്ന ടോൾഫ്രീ നമ്പരിലേക്ക്​ സന്ദേശമയക്കുകയും വേണം.

അബ്ഷീറി'ൽ നിന്നാണെന്ന വ്യാജേന ഫോൺ ചെയ്ത് ഇഖാമ നമ്പർ മനസിലാക്കിയതിനുശേഷം ഇതുപയോഗിച്ച് 'അബ്ഷീറിലെ' വ്യക്തിഗത അകൗണ്ട് ഹാക് ചെയ്യും. തുടർന്ന് ആ അകൗണ്ട് വഴി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കും. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ്​ ഇരകളാവുന്നത്.വായ്പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് കേസാവുമ്പോൾ മാത്രമാണ് തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന് അറിയുന്നത്. വൻ സാമ്പത്തിക ബാധ്യതയുടെ ഇത്തരം കേസുകളിൽ കുടുങ്ങി യാത്രാവിലക്ക് നേരിടുകയാണ് പലരും. നാട്ടിൽ പോകാൻ പോലുമാകാതെ അലയുകയാണ്​. തികഞ്ഞ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇവരുടെ കെണിയിൽ പെടാനുള്ള സാധ്യത ഏറെയാണ്​. റാസ്​തനൂറയിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന കൊല്ലം മടത്തറ ശിവൻമുക്ക് സ്വദേശി മാത്യു ജോണി ഇത്തരം തട്ടിപ്പിന്റെ ഇരയാണ്​.

ജോലി സമയത്താണ്​ ജവാസത്തിൽ നിന്നാണെന്ന വ്യാജേന ഫോൺ വിളിയെത്തിയത്​. സെൻസസ്​ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യാനാണെന്നാണ്​ വിളിച്ചയാൾ പറഞ്ഞത്​. തുടർന്ന്​ ഇഖാമ നമ്പർ ചോദിച്ചു. ഫോണിലെത്തിയ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നാതിരുന്ന മാത്യു അതെല്ലാം നൽകി. ഇതോടെ അബ്ഷീർ വ്യക്തിഗത അകൗണ്ടിലുള്ള മുഴുവൻ​ വിവരങ്ങളും വിളിച്ചയാൾ ഇങ്ങോട്ട്​ പറഞ്ഞ് ഇതല്ലേ ശരി എന്ന് ചോദിച്ചു വിശ്വാസ്യത ഉറപ്പുവരുത്തി.

എന്നാൽ താൻ കബളിപ്പിക്കപ്പെട്ടു എന്നറിയുന്നത് പിന്നീടാണ്. രണ്ടര മണിക്കൂറോളം നേരം ഫോണിന്റെ 'സിം' ​​ബ്ലോക്കായി. സൗദി ടെലികോം കമ്പനി (എസ്​.ടി.സി)യുമായി ബന്ധപ്പെട്ടപ്പോൾ തന്റെ നമ്പർ ആരോ​ ബ്ലോക്ക്​ ചെയ്യിച്ചതാണെന്ന്​ അറിഞ്ഞു. എസ്.ടി.സി പകരം സിം നൽകി പ്രശ്​നം പരിഹരിച്ചു. ഒരു മാസത്തിന് ശേഷം ബാങ്കിൽനിന്ന്​ ഒരു ലോണെടുക്കാൻ ശ്രമിക്കു​മ്പോഴാണ്​ തന്റെ പേരിൽ ഒരു ലോൺ ബാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. അന്ന് വിളിച്ചയാൾ 'അബ്​ഷീറി'ൽ നിന്ന്​ തന്റെ വിവരങ്ങളെല്ലാം ചോർത്തി ഇത്തരത്തിൽ കുരുക്കുകൾ മുറുക്കിയെന്ന് അറിയുമ്പോഴേക്കും വലിയ കട ബാധ്യത തലയിലായി കഴിഞ്ഞിരുന്നു.

സ്വകാര്യ ധനകാര്യ സ്​ഥാപനത്തിൽ നിന്നാണത്രെ താൻ അറിയാതെ തന്റെ പേരിൽ​ 25,000 റിയാൽ വായ്പയെടുത്തിരിക്കുന്നത്​. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വായ്പയുടെ ആദ്യ ഗഡു തിരിച്ചടവ് ആവശ്യപ്പെട്ട് ആ ധനകാര്യ​ സ്​ഥാപനത്തിൽ നിന്ന്​ അറിയിപ്പുണ്ടായി. കെണിയിൽ പെട്ടെന്ന് മനസിലായതോടെ മാത്യു പൊലീസിനെ സമീപിച്ച് കേസ്​ നൽകി.

അബ്​ഷീർ ഹാക്​ ചെയ്​ത്​ ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മാത്യുവിന്റെ പേരിൽ പ്രോമിസറി നോട്ട്​ തയാറാക്കി കൊടുത്താണ് തട്ടിപ്പുകാരൻ​ ലോൺ എടുത്തിരിക്കുന്നത്​. തിരിച്ചടവ് മുടങ്ങിയതോടെ ആ സ്​ഥാപനവും കോടതിയെ സമീപിച്ച് മാത്യുവിനെതിരെ കേസ് നൽകി. 38,000 റിയാൽ തിരിച്ചടക്കാൻ കോടതി വിധിച്ചു. പണമടക്കാൻ അനുവദിച്ചിരുന്ന അഞ്ച്​ ദിവസം കഴിഞ്ഞതോടെ മാത്യുവിന്റെ ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിക്കുകയും യാത്രാവിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തു​.

സൗദി വക്കീൽ മുഖാന്തിരം എതിർ കേസുമായി മുന്നോട്ട് പോവുകയാണ് മാത്യു. ഇതിനിടെ കഴിഞ്ഞദിവസം സുഹൃത്തിനും സമാനമായ ഫോൺ വിളിയെത്തിയപ്പോൾ അത് കെണിയാണെന്ന് സ്വന്തം അനുഭവത്തിൽനിന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തി ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ഹാക് ചെയ്ത 'അബ്​ഷീർ' അകൗണ്ട് തിരിച്ചുപിടിക്കാൻ കഴിയുകയും ചെയ്തു. എങ്കിലും ഹാക് ചെയ്യപ്പെട്ട ഒരു മണിക്കുർ സമയമുപയോഗിച്ച്​ എന്ത്​ തട്ടിപ്പ്​ നടത്തിയെന്ന്​ ഇനി അറിയാനിരിക്കുന്നതേയുള്ളു.

Similar News