ടാക്സികൾക്ക് ഓൺലൈൻ ആപ്പുകളിൽ ചേരുന്നതിനുള്ള നടപടികൾ ലഘൂകരിച്ച് ഖത്തർ

Update: 2022-11-01 08:33 GMT


ദോഹ : യൂബർ,കരീം പോലുള്ള ഓൺലൈൻ ആപ്പുകളിൽ ടാക്സികൾക്ക് ചേരുന്നതിനുള്ള നടപടിക്രമങ്ങൾ ഖത്തർ ലഘൂകരിച്ചു. ഫിഫ ലോകകപ്പ് വേളയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന കുതിച്ചുചാട്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ഗതാഗത മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്‌സി) ചേർന്നാണ് ഖത്തറിലെ താമസക്കാർക്ക് യുബർ,കരീം പോലുള്ള ടാക്സി സേവനങ്ങളിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയത്.ഇതിന് ഡ്രൈവർ ജോലിയുള്ള ലിമോസിൻ വിസയായിരിക്കണമെന്ന നിബന്ധന ബാധകമാവില്ല.ഇതനുസരിച്ച്,ഡിസംബർ 20 വരെ യുബറിലോ മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലോ സൈൻ അപ്പ് ചെയ്യുന്നതിന് ലിമോസിൻ കമ്പനിയിൽ രജിസ്റ്റർ ചെയ്യുകയോ തിരിച്ചറിയിൽ കാർഡിൽ 'ഡ്രൈവർ' ജോലി ആയിരിക്കുകയോ വേണമെന്ന നിബന്ധന റദ്ദാക്കി.ഖത്തറിൽ താമസവിസയും ഡ്രൈവിങ് ലൈസൻസും സ്വന്തമായി കാറുമുള്ള ആർക്കുവേണമെങ്കിലും ഷെയറിങ് റൈഡ് ആപ്പുകളിൽ സൈൻ അപ് ചെയ്ത് യാത്രക്കാരെ എടുക്കാവുന്നതാണ്.എന്നാൽ 21 വയസ്സ് പൂർത്തിയായിരിക്കണം.2017-2022 മോഡലിലുള്ള വാഹനമായിരിക്കണമെന്നും നിബന്ധനയുണ്ട്.

ഖത്തറിൽ താമസിക്കുന്ന വ്യക്തികൾക്കും പൗരന്മാർക്കും പ്രവാസികൾക്കും ഇപ്പോൾ അവരുടെ സ്വകാര്യ കാറുകൾ ഉപയോഗിച്ച് ഡ്രൈവർമാരായി യുബർ(Uber) ആപ്പിൽ സൈൻ അപ്പ് ചെയ്യാമെന്നും, അടുത്ത രണ്ട് മാസത്തേക്ക് മികച്ച വരുമാനം നൽകാമെന്നും" യുബർ പ്രസ്താവനയിൽ അറിയിച്ചു.മറ്റു സ്ഥാപനങ്ങളിലും വ്യത്യസ്ത തൊഴിൽ വിസകളിലും ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലിസമയത്തിന് ശേഷം അധികവരുമാനമുണ്ടാക്കാൻ നിയമപരമായി അവസരം നൽകുന്നതാണ് പുതിയ തീരുമാനം.

Similar News