ആവേശം കയറി ആരാധകർ ; പാരീസിൽ നിന്ന് സൈക്കിളിൽ ഖത്തറിലേക്ക്

Update: 2022-09-29 11:15 GMT


ദോഹ ; ലോക കപ്പ് ആവേശം സിരയിൽ കയറുമ്പോൾ ആരാധർ ഫുട്ബാൾ പോര് കാണാൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളും ഇപ്പോൾ ശ്രദ്ധയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 20 മുതൽ പാരിസിൽ നിന്നുള്ള 2 യുവാക്കൾ ഫുട്‌ബോൾ മാമാങ്കം കാണാൻ സൈക്കിളിൽ ഖത്തറിലേക്ക് യാത്രആരംഭിച്ചിരിക്കുകയാണ് . സ്വന്തം ടീം ഫ്രാൻസിന് ലോകകപ്പിന്റെ ഗാലറിയിൽ ആവേശം പകരാനുള്ള യാത്രയിലാണ് ഇരുവരും.

ഫുട്ബാളിനെ സ്നേഹിക്കുന്ന മെഹ്ദിയും ഗബ്രിയേലുമാണ് പാരീസിൽ നിന്ന് ഓഗസ്റ്റ് 20ന് ഖത്തറിലേക്കുള്ള സൈക്കിൾ സവാരി തുടങ്ങിയത്. മനസ്സ് നിറയെ ഫുട്‌ബോൾ ആവേശവും സ്വന്തം ടീമിനോടുള്ള ആരാധനയുമായി 10 രാജ്യങ്ങളിലൂടെ 8,000 കിലോമീറ്ററുകൾ താണ്ടിയാണ് 26 വയസ്സുകാരായ ഇരുവരുടെയും സഞ്ചാരം. കിടക്കാൻ 2 ടെന്റുകളും വസ്ത്രങ്ങളടങ്ങിയ ഓരോ ബാഗുകളും മാത്രമാണ് കൈവശമുള്ളത്. ഫ്രാൻസിൽ നിന്ന് ജർമനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ എന്നിവ കടന്ന് ഇരുവരും ഈ മാസം 26ന് തുർക്കിയിൽ എത്തി. തുർക്കിയിലെ ഇസ്താംബുള്ളിൽ നിന്ന് തസുകുവിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ.

ഒരു വർഷം മുൻപ് ഇറ്റലിയിൽ നടന്ന യുവേഫ നേഷൻസ് ലീഗിനിടെയാണ് മെഹ്ദിയും ഗബ്രിയേലും പരസ്പരം കാണുന്നത്. സൗഹൃദം ശക്തമായതോടെയാണ് ഖത്തറിൽ ഫിഫ ലോകകപ്പ് കാണാൻ സൈക്കിളിൽ പോയാലോ എന്ന് ആലോചിച്ചത്. സൈക്കിൾ സവാരിയുടെ ആരംഭം മുതൽ ഓരോ നിമിഷത്തെ അനുഭവങ്ങളും റൂട്ടുകളുമെല്ലാം ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് 22-ാമത് ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പ് കാണാൻ സൈക്കിളിൽ എത്തുന്നവർ മാത്രമല്ല കാൽനടയായി എത്തുന്നവരുമുണ്ട്.സ്‌പെയിനിൽ നിന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ സാഹസിക യാത്രികൻ സാന്റിയാഗോ സാൻചെസ് കോഗിഡോയും ഈ മാസം 9ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് സൗദി പൗരൻ അബ്ദുല്ല അൽ സലാമിയും ഖത്തറിലേയ്ക്കുള്ള നടന്നുതുടങ്ങി.

Similar News