ബഹ്റൈനിലെ ഏറ്റവും വലുതും പ്രമുഖവുമായ സെൻട്രൽ മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ കാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാർക്കറ്റ് മാറ്റുമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു. ഇതിനായി അനുയോജ്യമായ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയാെണന്നും ഇതുവരെ സ്ഥലമൊന്നും തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്ന താൽക്കാലിക അറ്റകുറ്റപ്പണികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. നവീകരണം, പുനർനിർമാണം എന്നിവ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ് ലി ബോർഡ് അംഗങ്ങളോട് പറഞ്ഞു.
മാർക്കറ്റിന്റെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി വർഷംതോറും ആയിരക്കണക്കിന് ദിനാർ ചെലവഴിക്കുന്നുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ താൽക്കാലികമായി പ്രശ്നങ്ങൾ പരിഹരിക്കാനുതകും. എന്നാൽ, ഭാവിയിലെ വികസന സാധ്യതകൾ മുൻനിർത്തി മാർക്കറ്റ് കൂടുതൽ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ട്. മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റാൻ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചതായി അൽ ഖത്താൻ പറഞ്ഞു. പുതിയ സ്ഥലം കണ്ടെത്തുകയും അതിനായി സാങ്കേതികവും ഭരണപരവുമായ അനുമതികൾ നേടുകയും വേണം. സാധ്യതാ പഠനങ്ങൾ, ധനസഹായം, ബജറ്റിങ് ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ പുരോഗതി. മാർക്കറ്റ് വലുതാണെങ്കിലും ഭാവിയിൽ ഇനിയും വലുതാകേണ്ടതുണ്ട്. കൂടുതൽ വെയർഹൗസുകൾ, കടകൾ, സ്റ്റാളുകൾ, ലോഡിങ് ആൻഡ് ഡിസ് പ്ലേ ഏരിയകൾ, ഓഫിസുകൾ, കഫേകൾ, റസ്റ്റാറന്റുകൾ എന്നിവ വേണ്ടിവരും.
നിലവിലെ മാർക്കറ്റ് അറ്റകുറ്റപ്പണികൾക്ക് ഏകദേശം ദശലക്ഷം ദിനാർ ചെലവ് വരുന്നുണ്ട്. വൈദ്യുതി കേബിളുകൾ, ജല പൈപ്പ് ലൈനുകൾ, മലിനജല പൈപ്പുകൾ തുടങ്ങിയവ മാറ്റി ഭൂമിക്കടിയിലൂടെയാക്കുക എന്ന ജോലി എത്രവേഗം പൂർത്തിയാകും എന്നതിനെ ആശ്രയിച്ചാണ് പ്രവൃത്തികളുടെ പുരോഗതി. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും നൽകുകയാണ് നവീകരണത്തിന്റെ ലക്ഷ്യം. 141,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെ ട്രക്ക് പാർക്കിങ്, ലോഡിങ്, സെല്ലിങ് സോണുകൾ എന്നിവയടക്കം സ്ഥാപിക്കും. 932 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മത്സ്യ മാർക്കറ്റിന് ഷേഡിങ് നൽകേണ്ടതുണ്ട്. വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിക്കാനും എൽ.ഇ.ഡി ലൈറ്റിങ് നവീകരിക്കാനും പദ്ധതിയുണ്ട്. ദേശീയ വനവത്കരണ സംരംഭങ്ങളുമായി ചേർന്ന് മരങ്ങൾ നട്ടുപിടിപ്പിക്കുകയും മാർക്കറ്റിന് ഹരിതഭംഗി നൽകുകയുംചെയ്യും. മാർക്കറ്റിലെ എയർ കണ്ടീഷനിങ് സംവിധാനം കുറ്റമറ്റതാക്കും.
മാത്രമല്ല മീറ്റ് മാർക്കറ്റിൽ കംപ്രസറുകളുടെ എണ്ണം വർധിപ്പിക്കുകയുംചെയ്യും. എ.സി സംവിധാനത്തിന്റെ പരിശോധന സ്ഥിരമായി നടത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർകണ്ടീഷനർ മെയിന്റനൻസ് കമ്പനിയെയും നിയോഗിച്ചിട്ടുണ്ട്. സെൻട്രൽ മാർക്കറ്റിൽനിന്നാണ് രാജ്യത്തെ മറ്റെല്ലാ ചെറിയ മാർക്കറ്റുകളിലേക്കും സാധനങ്ങൾ പോകുന്നത്. ഭക്ഷ്യസുരക്ഷയുടെ പ്രധാന ഘടകങ്ങളിലൊന്നായ മാർക്കറ്റിന്റെ വികസനപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സലേ തറാദ പറഞ്ഞു. ഗവൺമെന്റിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് വികസന പ്രവൃത്തികൾ പൂർത്തീകരിക്കാൻ ദശലക്ഷം ദീനാറിന്റെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനജല നിർഗമന പൈപ്പുകൾ, കേബിളുകൾ തുടങ്ങിയ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ വർക്ക്സ്, ഇലക്ട്രിസിറ്റി, വാട്ടർ അഫയേഴ്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ്, അഗ്രികൾച്ചർ മന്ത്രാലയങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷം മുമ്പ് മാർക്കറ്റ് നവീകരണത്തിന് 200 ദശലക്ഷം ദീനാറിന്റെ പദ്ധതി ആലോചിച്ചിരുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് അന്ന് ആലോചിച്ചത്. ഓഫിസുകൾ, റെസിഡൻഷ്യൽ ടവറുകൾ, ഷോപ്പിങ് ഔട്ട്ലെറ്റുകൾ, വിനോദ സൗകര്യങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങിയവ അന്ന് പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, അത് നടപ്പായിട്ടില്ല.