അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ്-മതകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 17വരെ രജിസ്‌ട്രേഷൻ നടത്താം. 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഹജ്ജിന് അപേക്ഷിക്കാൻ കഴിയുക. അടുത്ത വർഷം ഹജ്ജിന് പോവാൻ ആഗ്രഹിക്കുന്നവർ http://hajj.om എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഹജ്ജ് കാര്യ സാമ്പത്തിക വിഭാഗം ഉപ മേധാവി അഹമദ് അലി അൽ കാബി, തീർഥാടന വിഭാഗം ഉപമേധാവി അബ്ദുൽ അസീസ് മസ്ഊദ് അൽ ഖാഫ്രി എന്നിവരാണ് ഇതു സംബന്ധമായ അറിയിപ്പ് നൽകിയത്. ഹജ്ജ് തീർഥാടനത്തിന് പോവുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായവുമാണ് ഒമാനി ഹജ്ജ് മിഷൻ നൽകുക.
കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തിരഞ്ഞെടുത്തത്. ഇതിൽ 51 ശതമാനം സ്ര്തീകളാണ്. 6,903 സ്ത്രീകളും 6,683 പുരുഷന്മാരുമാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. ഇതിൽ 32.3 ശതമാനം തീർഥാടകരും 46 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. 42.4 ശതമാനം പേർ 31നും 45 നും ഇടയിൽ പ്രയാമുള്ളവരും 20 ശതമാനം പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്.
ഈ വർഷം ഒമാനിൽനിന്ന് 14.000 പേർക്കാണ് ഹജ്ജിന് പോവാൻ അനുവാദം ലഭിക്കുക. ഓൺലൈനായി ഈ മാസം 17വരെ രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമാണ് അടുത്ത വർഷം ഹജ്ജിന് പോവാൻ കഴിയുക. അപേക്ഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് ഹജ്ജ് യാത്രക്കാരെ കണ്ടെത്തുക.