ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി. കായികമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ എതിർപ്പിനെ തുടർന്നാണ് നടപടി.
ഡൽഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റും. ബ്രിജ്ഭൂഷണിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്രസർക്കാർ പിരിച്ചുവിട്ടിരുന്നു. പുതിയ കമ്മിറ്റി പഴയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാലാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നായിരുന്നു കായിക മന്ത്രാലയം വ്യക്തമാക്കിയത്.
ഗുസ്തി ഫെഡറേഷൻ ഓഫീസ് ബ്രിജ്ഭൂഷണിന്റെ വസതിയിൽ തന്നെ പ്രവർത്തിക്കുന്നതും പുതിയ കമ്മിറ്റി പിരിച്ചുവിടാനുള്ള കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ കമ്മിറ്റി പൂർണമായും പഴയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾക്കു മേലാണ് പ്രവർത്തിക്കുന്നതെന്നും അത് സ്പോർട്സ് കോഡിന്റെ ലംഘനമാണെന്നും കായിക മന്ത്രാലയം വിമർശിച്ചിരുന്നു.
ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. പുതിയ ഭാരവാഹിത്വത്തിൽ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്രംഗ് പുണിയ പദ്മശ്രീ തിരിച്ചുനൽകി.