തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും; കേന്ദ്രമന്ത്രി

Update: 2023-11-27 11:20 GMT

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബി.ജെ.പി. അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി. ഹെദരബാദിന്റെ പേര് 'ഭാഗ്യനഗർ' എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഞങ്ങൾ അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദർ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദർ വന്നത്? നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോ? ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഉറപ്പായും ഞങ്ങൾ 'ഹൈദറി'നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കും',കിഷൻ റെഡ്ഡി പറഞ്ഞു.

'മദ്രാസിന്റെയും ബോംബെയുടെയും കൽക്കട്ടയുടെയുമെല്ലാം പേരുകൾ മാറ്റിയില്ലേ. മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബി.ജെ.പി. അല്ല, ഡി.എം.കെ. ആണ്. മദ്രാസ് ചെന്നൈയും ബോംബെ മുംബൈയും കൽക്കട്ട കൊൽക്കത്തയും രാജ്പഥ് കർത്തവ്യപഥും ആയി മാറുമ്പോൾ ഹൈദരബാദ് ഭാഗ്യനഗർ ആകുന്നതിൽ എന്താണ് പ്രശ്നം? ബി.ജെ.പി. അധികാരത്തിലെത്തിയാൽ അടിമമനോഭാവം പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ളതെല്ലാം പൂർണ്ണമായി നീക്കം ചെയ്യും,' റെഡ്ഡി പറഞ്ഞു.

പേരുകൾ മാറ്റുമ്പോൾ പണ്ഡിതന്മാരോട് ഉപദേശം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തെലങ്കാനയിൽ ബി.ജെ.പിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. മഹബൂബ് നഗറിന്റെ പേര് പലമുരു എന്നാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News