'ആർഎസ്എസ് അംഗമായിരുന്നു'; വിടവാങ്ങൽ പ്രസംഗത്തിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജി

Update: 2024-05-21 05:46 GMT

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗമായിരുന്നു താൻ എന്ന് വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ്. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തൽ. താൻ ഏതുസമയവും സംഘടനയിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം വിരമിച്ചത്. ഞാൻ ആർഎസ്എസിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ യൗവനകാലം വരെ സംഘടനയിലുണ്ടായിരുന്നു. ധൈര്യ, സമഭാവന, രാജ്യസ്നേഹം, ജോലിയോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങൾ ആർഎസ്എസിൽ നിന്നാണ് പഠിച്ചത്. ജഡ്ജിയായതുമുതൽ 37 വർഷത്തോളം സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. ഞാൻ ഒരിക്കലും സംഘടനയിലെ അംഗത്വം എന്റെ കരിയറിന്റെ പുരോഗതിക്കും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാവരോടും തുല്യമായാണ് താൻ പെരുമാറിയതെന്ന് ജസ്റ്റിസ് ദാഷ് പറഞ്ഞു. എന്തെങ്കിലും സഹായത്തിനോ തനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിയ്ക്കോ ആർഎസ്എസ് തന്നെ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയ്യാറാണ്. ഞാൻ ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ സംഘടനയിൽ അംഗമാണെന്ന് പറയാൻ എനിക്ക് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News