'ആക്രമണങ്ങൾക്ക് യാതൊരു ന്യായീകരണവും ഇല്ല, അംഗീകരിക്കില്ല'; ഇന്ത്യൻ വംശജർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ യുഎസ്

Update: 2024-02-16 06:09 GMT

യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് വൈറ്റ്ഹൗസ്. ഇന്ത്യൻ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി യുഎസ് പ്രസിഡന്റ് ജോബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

'ആക്രമണങ്ങൾക്ക് യാതൊരു ന്യായീകരണവും ഇല്ല. മതം, വർഗം, ജെൻഡർ അങ്ങനെ എന്തിന്റെ പേരിലാണെങ്കിലും ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. യുഎസിൽ ഇത് അനുവദിക്കില്ല.' യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു നേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി പ്രാദേശികതലത്തിൽ കൂടിയാലോചിച്ച് പ്രസിഡന്റും യുഎസ് ഭരണകൂടവും പരമാവധി നടപടികൾ സ്വീകരിച്ചു വരികയാണെന്നും കിർബി വ്യക്തമാക്കി.

ജനുവരിയിൽ ജോർജിയയിൽ ലഹരിക്ക് അടിമയായ ഒരാളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥിയായ വിവേക് സൈനി കൊല്ലപ്പെട്ടിരുന്നു. ജനുവരിയിൽ തന്നെ നീൽ ആചാര്യ, അകുൽ ധവാൻ എന്നിങ്ങനെ രണ്ടു വിദ്യാർഥികളും യുഎസിൽ മരിച്ചിരുന്നു. ഇന്ത്യാനയിൽ മറ്റൊരു വിദ്യാർഥിയായ സയദ് മസാഹർ അലി കൊല്ലപ്പെട്ടത് ഫെബ്രുവരിയിലാണ്. ശ്രേയസ് റെഡ്ഡി ബെനിഗരി എന്ന ഇന്ത്യൻ വംശജനായ വിദ്യാർഥിയെ ഒഹിയോയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കിടെ ഇന്ത്യൻ വംശജരായ അഞ്ചു വിദ്യാർഥികളാണ് യുഎസിലെ വിവിധയിടങ്ങളിൽ പല സാഹചര്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്. 

 

Tags:    

Similar News